കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി അവിശ്വാസപ്രമേയ മറുപടി പ്രസംഗം നടത്തുന്നതിനിടയില്‍ തുടര്‍ച്ചയായി ചോദ്യങ്ങളുയര്‍ത്തി “ശല്യമുണ്ടാക്കി” എന്ന് കുറ്റപ്പെടുത്തിയാണ് സസ്‌പെന്‍ഷന്‍.
മോദിയുടെ രണ്ടു മണിക്കൂര്‍ പ്രസംഗം അവസാനിച്ച് അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ പാസ്സായ ഉടന്‍ പാര്‍ലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ശുപാര്‍ശ. ഇത് സ്പീക്കര്‍ അംഗീകരിച്ചു.

ലക്ഷ്യം സാധിച്ചു-ഗൗരവ് ഗൊഗോയ് എം.പി.
ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രി മോദിയുടെ മറുപടിയ്‌ക്കിടയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിന് ശേഷം കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു: “ഈ അവിശ്വാസ പ്രമേയത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു – ആദ്യം മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണം, രണ്ടാമത്, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കണം.”