സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ നിയമന ഉത്തരവുമായെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് പിടിയിലായത്.
പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന രേഖകളും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ ചേരാനെത്തിയതായിരുന്നു യുവതി.
രേഖകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ തഹസിൽദാർ പി.എസ്. സി ഓഫീസിൽ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നൽകിയിട്ടില്ലെന്നായിരുന്നു മറുപടി തുടർന്ന് പിഎസ്‌സി ഓഫീസർ അന്വേഷിക്കാൻ നിർദ്ദേശിച്ചു.
2022 ഓഗസ്റ്റ് ഒന്നിന് ഇറങ്ങിയ എൽഡി ക്ലാർക്ക് ലിസ്റ്റിൽ 22ആം റാങ്കുകാരി ആണെന്നും റവന്യൂ വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചു എന്നും പറഞ്ഞാണ് ഇവർ എത്തിയത്. റവന്യൂവകുപ്പില്‍ ജോലിനേടുന്നവരുടെ നിയമന ഉത്തരവില്‍ കളക്ടറാണ് ഒപ്പിടുന്നത്. എന്നാല്‍ റവന്യൂ ഓഫീസര്‍ എന്നപേരിലുള്ള ഒപ്പായിരുന്നു രാഖി ഹാജരാക്കിയ ഉത്തരവിലുണ്ടായിരുന്നത്. വ്യാജമായി നിർമ്മിച്ച റാങ്ക് പട്ടികയായിരുന്നു അവിടെ കാണിച്ചത്.

യഥാർത്ഥ റാങ്ക് ലിസ്റ്റിൽ 22-ാം റാങ്ക് നേടിയത് അമൽ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്തേക്ക് രാഖിയുടെ പേര് കൃത്രിമമായി ചേർക്കുകയായിരുന്നു. ഇതേ പട്ടികയിലെ 35ആം റാങ്ക് ജേതാവ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചതിനാൽ സംശയം ബലപ്പെട്ടു.
രാഖി നൽകിയ അഡ്വൈസ് മെമ്മോയിലെ നമ്പർ പി.എസ്. സി യുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യൂ വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എൽഡി ക്ലർക്ക് പോസ്റ്റിലേക്കുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
തഹസിൽദാർ ജില്ലാ കളക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി
തുടർന്ന് പോലീസ് എത്തി രാഖിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ രാഖി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിനുള്ള മാനസിക സംഘർഷത്തിലാണ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.