Categories
kerala

അന്ന് ഇ.എം.എസ്. പറഞ്ഞ കാര്യത്തിനപ്പുറം ഒന്നും പിണറായി ചെയ്യുന്നില്ല…സിപിഎം തുറന്നു പറയൂ…

അതിവേഗ റെയില്‍പ്പാതക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ വിവാദങ്ങളും പുതിയ തലത്തില്‍ വികസിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ സിപിഎം-ബിജെപി അന്തര്‍ധാര എന്നതാണ് പ്രധാന ആരോപണം. ഇ.ശ്രീധരന്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പിണറായി വിജയന്‍ വേഗറെയില്‍ പാതയ്ക്ക് പച്ചക്കൊടി ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ആരോപണം ഉയരുക സ്വാഭാവികമാണ്. കാരണം അത്രയധികം വോള്‍ട്ടതയുള്ള രാഷ്ട്രീയചര്‍ച്ചകളാണല്ലോ കേരളത്തിലെത്.


സത്യത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കും വിധം സിപിഎം-ബിജെപി അന്തര്‍ധാര വേഗറെയില്‍പ്പാതക്കാര്യത്തില്‍ ഉണ്ടെന്നു വെച്ചാല്‍ തന്നെ അതില്‍ എന്താണ് തെറ്റ് ? ആ രണ്ടു പാര്‍ടികളും രാഷ്ട്രീയമായി എതിരാളികളാണ്. അവരുടെ ആശയങ്ങള്‍ ഒന്നിനൊന്ന് എതിരാണ്. അവര്‍ രാഷ്ട്രീയമായി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ്. അതിനാല്‍ അവര്‍ അവരുടെ രാഷ്ട്രീയത്തില്‍ രഹസ്യമായ ഒത്തുകളിയും ഒത്തുതീര്‍പ്പ് നീക്കവും നടത്തിയാല്‍ തീര്‍ച്ചയായും രാഷ്ട്രീയകേരളം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തു വരേണ്ടത് അത്യാവശ്യമാണ്.


എന്നാല്‍ ഇവിടെ നാടിന്റെ വികസനക്കാര്യത്തിലാണ് ഇനി എന്തെങ്കിലും ആശയസമന്വയം ഉണ്ടെന്നു വരികില്‍ തന്നെ അത് സംഭവിക്കുന്നത്. ഓര്‍ക്കേണ്ട ഒരു വസ്തുത കേന്ദ്രം ഭരിക്കുന്ന കക്ഷി ബിജെപിയും കേരളത്തില്‍ വ്യത്യസ്ത കക്ഷിയും ആകുമ്പോള്‍ വികസനം ലഭ്യമാക്കാന്‍ എന്താണ് ചെയ്യേണ്ടത്.
ഇവിടെയാണ് സി.പി.എമ്മിന്റെ എക്കാലത്തെയും തലതൊട്ടപ്പന്‍മാരില്‍ ഒരാളായ ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞ കാര്യത്തിലേക്കും അദ്ദേഹം അത് പറയാനുണ്ടായ സാഹചര്യത്തിലേക്കും ഒന്നു പോകേണ്ടത്. കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിട്ട ശേഷം പിന്നീട് ആദ്യമായി ഒരു ഉറച്ച ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1987-ല്‍ ആണ്. നായനാര്‍ മുഖ്യമന്ത്രിയായി. കേന്ദ്രത്തിലുള്ളത് കോണ്‍ഗ്രസ് സര്‍ക്കാര്‍.

കേരളത്തിന് അര്‍ഹതപ്പെട്ട റേഷനരി പോലും നിഷേധിച്ച ഒരു സാഹചര്യമുണ്ടായി. അപ്പോള്‍ ഇടതുസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. സംസ്ഥാന സര്‍ക്കാരിനെതിരെ ജനം അമര്‍ഷത്തിലായി. സിപിഎമ്മിലും അതിന്റെ അലയൊലിയുണ്ടായി. പക്ഷേ സ്വന്തം സര്‍ക്കാരിനെതിരെ സമരം ചെയ്യാനാവില്ല. ഭരണത്തിലെത്തിയാല്‍ അതുവരെ പാര്‍ടിയെ വളര്‍ത്തിയ ഇന്ധനമായ സമരപരിപാടികള്‍ മടക്കിക്കെട്ടി ഭരണക്കാരായി മാത്രം നിന്നാല്‍ ജനമനസ്സില്‍ നിന്നും തൂത്തെറിയപ്പെടുമെന്നു മാത്രമല്ല, പാര്‍ടിയുടെ സംഘടനാ കരുത്തും ചോര്‍ന്നു പോകുമെന്ന തിരിച്ചറിവ്. ഈ സമയത്താണ് റേഷനരി നിഷേധിച്ച സംഭവം വരുന്നത്. ഇത് നായനാര്‍ക്കും സിപിഎമ്മിനും മികച്ച പിടിവള്ളിയായി. അങ്ങനെയാണ് ആദ്യമായി കേരളത്തില്‍ കേന്ദ്രവിരുദ്ധ സമരം ആരംഭിക്കുന്നത്.

പറഞ്ഞു വന്നത് കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത കക്ഷികള്‍ ഭരണത്തിലെത്തിയാല്‍, രാഷ്ട്രീയമായി എന്ത് എതിര്‍ശക്തികളായിരുന്നാലും ഭരണകാര്യത്തിലും വികസനത്തിലും പരസ്പര സഹകരണം ഉണ്ടായില്ലെങ്കില്‍ ജനങ്ങള്‍ക്കത് തിരിച്ചടിയാകും എന്നതാണ്.

ഈ സാഹചര്യത്തില്‍, രാഷ്ട്രീയത്തിലെ അതീവ കുശാഗ്ര ബുദ്ധിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുന്നോട്ടു വെച്ച ഒരു കാഴ്ചപ്പാട് സിപിഎമ്മിനും കേരളീയരുടെ രാഷ്ട്രീയധാരണകള്‍ക്കും പുതിയ ചില വെളിച്ചങ്ങള്‍ നല്‍കി. ജനകീയാസൂത്രണം ഉള്‍പ്പെടെ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഇതനുസരിച്ചായിരുന്നു. വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്ന ആശയം ഇ.എം.എസ്. മുന്നോട്ടു വെച്ചു. ഇത് കേരളം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അതിനു ശേഷം കേരളം ഏതെങ്കിലും രീതിയില്‍ വികസിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഇ.എം.എസ്. മുന്നോട്ടു വെച്ച ആശയത്തിന്റെ വെളിച്ചത്തിലായിരുന്നു എന്നത് വസ്തുതയാണ്.
ഇതെല്ലാം ആലോചിച്ചാല്‍ സത്യത്തില്‍ കേന്ദ്രഭരണകക്ഷിയായ ബിജെപിയുമായി വികസനക്കാര്യത്തില്‍ ഒത്തുതീര്‍പ്പോ ഒത്തുകളിയോ നടത്തുന്നുണ്ടെങ്കില്‍ തന്നെ ഇ.എം.എസ്. പറഞ്ഞതിനപ്പുറം സി.പി.എം പോകുന്നുണ്ടെന്ന് തോന്നുന്നില്ല. പ്രതിപക്ഷത്തിന് ആഘാതമാകും എന്നതു കൊണ്ടു മാത്രം ഇക്കാര്യത്തില്‍ ഭരണപക്ഷം എടുക്കുന്ന നയം അപാകമാണെന്ന് പറയുന്നതെങ്ങിനെ.

കെ.റെയില്‍ സില്‍വര്‍ ലൈന്‍ എന്നത് ഇ.ശ്രീധരന്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഹൈസ്പീഡ് റെയില്‍ ആയാലും വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) മാറ്റി നല്‍കിയാലും എന്ത് കുഴപ്പമാണുള്ളത് !


വികസനക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെക്കണമെന്ന ഇ.എം.എസിന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമാകുകയാണ്. അതേ, ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ രാഷ്ട്രീയമായി പടയൊരുക്കം നടത്തുമ്പോള്‍ തന്നെ സി.പി.എം. അതിവേഗ റെയില്‍ കാര്യത്തില്‍ ബിജെപിയുമായി ചേരുന്നതിനെ എതിര്‍ക്കുന്നതെന്തിന്.( അതിവേഗ റെയിലിന്റെ ഭാഗമായ പരിസ്ഥിതി, സാമ്പത്തിക, ഭൂവിനിയോഗ വിഷയങ്ങ…അത് മറ്റൊരു വിഷയമാണ്. അത് വേറെ ചര്‍ച്ച ചെയ്യുക.)

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick