ബെംഗളൂരുവിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഐക്യ പ്രതിപക്ഷ യോഗത്തിൽ നിർണായകമായ ചുവടു വെപ്പ്– സഖ്യത്തിന് നാമകരണം ചെയ്തു, ഘടന തീരുമാനിച്ചു. പ്രതിപക്ഷ സഖ്യം ഇനി ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്ന് അറിയപ്പെടും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയെ നേരിടാൻ പോകുന്ന പ്രതിപക്ഷ സഖ്യത്തെ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന് വിളിക്കുമെന്നും ഏകോപനത്തിനായി 11 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
“രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യത്തിനായി ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട യോഗമായിരുന്നു ഇത്. ഈ യോഗത്തിലെ ഞങ്ങളുടെ ഉദ്ദേശം നമുക്ക് അധികാരം നേടുക എന്നതല്ല. ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും സംരക്ഷിക്കാനാണ്. “ഞങ്ങൾ ഒന്നിച്ചുചേർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ന് അംഗീകരിച്ച പ്രമേയത്തെ ജനങ്ങൾ ഒരേ സ്വരത്തിൽ പിന്തുണച്ചു, എന്ന് ബംഗളൂരുവിൽ നടന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
11 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അതിന്റെ ഘടന മുംബൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ യോഗത്തിന്റെ തീയതി ഉടൻ പ്രഖ്യാപിക്കും.
ഡൽഹിയിൽ പ്രചാരണ നടത്തിപ്പിനായി ഒരു കോമൺ സെക്രട്ടേറിയറ്റ് രൂപീകരിക്കുമെന്നും പ്രത്യേക വിഷയങ്ങൾക്കായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഖാർഗെ പറഞ്ഞു. യോഗത്തിൽ സംയുക്ത പ്രസ്താവന അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയെ നേരിടാനുള്ള ഏകീകൃത തന്ത്രത്തിന് അന്തിമരൂപം നൽകുന്നതിനായി 26 പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ ബെംഗളൂരുവിൽ വിപുലമായ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു .
ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളായ പശ്ചിമ ബംഗാളിലെ മമത ബാനർജി, തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിൻ, ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിലെ ഭഗവന്ത് മാൻ, ബിഹാറിലെ നിതീഷ്കുമാർ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ, കർണാടകയുടെ സിദ്ധരാമയ്യ, കോൺഗ്രസിന്റെ ഉന്നത നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എൻസിപിയുടെ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഗ്രസിന്റെ ഒമർ അബ്ദുള്ള തുടങ്ങി 50-ലധികം നേതാക്കളും ബെംഗളൂരുവിൽ സന്നിഹിതരായിരുന്നു. ജൂൺ 23ന് നടന്ന പട്‌ന യോഗത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രതിപക്ഷ സമ്മേളനമാണിത്.