സമീപകാലത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നടന്‍ ഭീമന്‍ രഘു പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തിനിടയില്‍ നടത്തിയ അഭിപ്രായപ്രകടനം വന്‍ ട്രോളുകള്‍ക്ക് ഇടയാക്കിക്കൊണ്ടിരിക്കുന്നു. സീ മലയാളം ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടെയാണ് രഘുവിന്റെ വിവാദ അഭിപ്രായം. ചക്കരക്കുടത്തില്‍ കയ്യിട്ടു വാരിയാല്‍ നക്കാത്തവര്‍ ആരുണ്ട് എന്നാണ് പിണറായിയെക്കുറിച്ചുള്ള പരാമര്‍ശത്തോട് ചേര്‍ത്ത് നടന്‍ പറഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പ് പിണറായി വിജയനെ പുകഴ്ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഭീമന്‍ രഘുവിന്റെ പുതിയ അഭിപ്രായത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പരിഹാസം നേരിടേണ്ടി വന്നിരിക്കുന്നത്.
‘സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്‌ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു ആളുകൾ. അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി..ഞാൻ ചോദിക്കട്ടെ ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തതായി ആരുണ്ട്?’ എന്നാണ് നടൻ പറഞ്ഞത്. “ഭീമൻ രഘു സത്യം വിളിച്ചുപറയുന്ന ഒരു സഖാവാണ്.” എന്നു തുടങ്ങിയുള്ള പരിഹാസങ്ങൾ ഉയരുന്നുണ്ട്.
പിണറായി വിജയൻ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് അഭിമാനമാണ്, അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാണ്, പറയാനുള്ളത് മുഖത്തുനോക്കി പറയും, അഴിമതിയില്ല.’ എന്ന് സിപിഎമ്മിൽ ചേർന്നശേഷം ഭീമൻ രഘു പറഞ്ഞിരുന്നു.
മൂന്നാമതും പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരും എന്നും രഘു പറയുകയുണ്ടായി. രണ്ടു വട്ടത്തിലധികം തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും പദവികളില്‍ തുടരുന്നതിനും സിപിഎമ്മില്‍ വിലക്ക് ഉണ്ട് എന്ന കാര്യത്തോട് ചേര്‍ത്തുവെച്ചാണ് പാര്‍ടി അണികള്‍ ഭീമന്റെ പ്രവചനത്തെ ചര്‍ച്ച ചെയ്തത്.