“സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക്” ഭീഷണിയായതിന് മൂന്ന് സർക്കാർ ജീവനക്കാരെ കൂടി ജമ്മു കശ്മീർ സർക്കാർ പിരിച്ചുവിട്ടു. കശ്മീർ യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ഫഹീം അസ്ലം, റവന്യൂ ഓഫീസർ മുരാവത്ത് ഹുസൈൻ മിർ, പോലീസ് ഓഫീസർ അർഷാദ് അഹമ്മദ് തോക്കർ എന്നിവരെ ആണ് പിരിച്ചു വിട്ടത്.
ഒരു അന്വേഷണവും നടത്താതെ ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിനെ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(സി) പ്രകാരമാണ് ഇവരെ പിരിച്ചുവിട്ടത് . പിരിച്ചുവിടാനുള്ള കാരണം അവരുമായോ മാധ്യമങ്ങളുമായോ പങ്കുവെച്ചിട്ടില്ല. ഷോപ്പിയാൻ ബലാത്സംഗ-കൊലപാതക വിവാദത്തിൽ ഉൾപ്പെട്ട രണ്ട് ഡോക്ടർമാരുടെ സേവനം സർക്കാർ അവസാനിപ്പിച്ച് ഒരു മാസത്തിനുള്ളിലാണ് ഇതേ നിയമപ്രകാരം പുതിയ നടപടി.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിന് 52 ഓളം ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടുണ്ട്. ഇവരിൽ ആറ് പേർ ജമ്മു മേഖലയിൽ നിന്നുള്ളവരും ബാക്കിയുള്ളവരെല്ലാം കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരുമാണ്.
കശ്മീർ സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയ ഫഹീം അസ്ലം 2008 മുതൽ സർവകലാശാലയിൽ പിആർഒയാണ്. നേരത്തെ പ്രാദേശിക ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. 2006-ൽ ജമ്മു കശ്മീർ പോലീസിന്റെ സായുധ വിഭാഗത്തിൽ കോൺസ്റ്റബിളായി അർഷാദ് തോക്കർ നിയമിതനായി. പിന്നീട് 2009-ൽ അദ്ദേഹത്തെ പോലീസിന്റെ എക്‌സിക്യൂട്ടീവ് വിഭാഗത്തിലേക്ക് മാറ്റി.