മണിപ്പൂരിനെക്കുറിച്ച് ആയിരമായിരം വാക്കുകള്‍ എഴുതിയാലും തികയാതെ വരും ഇപ്പോഴത്തെ ദുരവസ്ഥ വിശദീകരിക്കാന്‍. എന്നാല്‍ വാക്കുകള്‍ക്കു പകരം ചിത്രങ്ങളുമായി ഒരു പത്രം ഇന്ത്യയില്‍ അതിനിശിതമായ വിമര്‍ശനം നടത്തിയിരിക്കുന്നു. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത മോദി വിമര്‍ശനവുമായി ശ്രദ്ധ നേടുന്നത് കൊല്‍ക്കത്ത് ആസ്ഥാനമായ ദി ടെലഗ്രാഫ് ദിനപത്രം ആണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെത് മുതലക്കണ്ണീരാണെന്ന് രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ട് ഒരു വലിയ മുതലയുടെ ചിത്രമാണ് പത്രത്തിന്റെ തലക്കെട്ട്. വാര്‍ത്തയാകട്ടെ 78 മുതലകളുടെ ചിത്രങ്ങളും.
എല്ലാം കണ്ണീര്‍ പൊഴിക്കുകയാണ്. ബിജെപി കഴിഞ്ഞ 79 ദിവസങ്ങളായി പൊഴിച്ചുകൊണ്ടിരിക്കുന്ന മുതലക്കണ്ണീരും ഇന്നലെ മോദി പൊഴിച്ച മുതലക്കണ്ണീരും- ഇത്രയും ശക്തമായി മണിപ്പൂര്‍ സാഹചര്യത്തെ വിശദീകരിക്കാന്‍ മറ്റൊരു മാധ്യമവും ഇന്ന് തയ്യാറായിട്ടില്ല.
ഒറ്റ വാക്യമേയുള്ളൂ വാര്‍ത്തയുടെ ഇന്‍ട്രോ ആയിട്ട്- ’56 ഇഞ്ച് തൊലിക്കുള്ളിലേക്ക് മണിപ്പൂരിന്റെ വേദനയും അപമാനവും തുളച്ചുകയറാന്‍ 79 ദിനങ്ങള്‍ വേണ്ടി വന്നു.’ നരേന്ദ്രമോദി 79 ദിവസത്തിനു ശേഷം മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് മിണ്ടിയതിനെ പരിഹസിച്ചുകൊണ്ടുള്ള വാചകം. മോദിയുടെയും സര്‍ക്കാരിന്റെയും കാപട്യമാണ് മുതലക്കണ്ണീര്‍ ചിത്രീകരണത്തിലൂടെ പത്രം വിമര്‍ശന വിധേയമാക്കിയത്.
ഇങ്ങനെയും മാധ്യമങ്ങള്‍ക്ക് നിലപാടുകളും വിമര്‍ശനങ്ങളും വേണമെങ്കില്‍ ഉന്നയിക്കാന്‍ ഇന്നത്തെ മോദിഭാരതത്തില്‍ സാധ്യമാണ് എന്നതിന്റെ സാക്ഷ്യമാണ് ടെലഗ്രാഫിന്റെ ഒന്നാം പേജ്.