ഒരു മനുഷ്യനെന്ന നിലയിലുള്ള പരിഭവങ്ങള്‍ തനിക്കും ഉണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. തന്നെക്കുറിച്ച് ഉയരുന്ന വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും പിണറായി വിജയനെ കാണുന്നതില്‍ എന്ത് അസാധാരണത്വമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് പോകുന്ന അവസരത്തിലെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. അതില്‍ ഒരു പ്രത്യേകതയും ഇല്ല. ഉണ്ടാക്കിയെടുക്കുന്നത് മാധ്യമങ്ങളാണ്. പാര്‍ടിയില്‍ താന്‍ സജീവമാണെന്നും മറിച്ചുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഞാൻ തിരുവനന്തപുരത്തു പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെയും മറ്റു പാർട്ടി നേതാക്കളെയും കാണുന്നത് പതിവാണ്. അതിൽ ഒരു അത്ഭുതവുമില്ല. ഇതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുന്ന പ്രശ്നങ്ങളാണ്. സെമിനാറിന്റെ അജൻഡയെല്ലാം നേരത്തെ തന്നെ നിശ്ചയിച്ച് വ്യക്തമാക്കിയതാണ്. ഏതൊക്കെ നേതാക്കൻമാർ വരും, ആരൊക്കെ പ്രസംഗിക്കും എന്നെല്ലാം നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. ആർക്കു വേണമെങ്കിലും സെമിനാറിൽ പങ്കെടുക്കാമെന്നായിരുന്നു പാർട്ടി സെക്രട്ടറി പറഞ്ഞിരുന്നത്.”- ജയരാജൻ പ്രതികരിച്ചു.