ഉമ്മന്‍ ചാണ്ടി അന്തരിച്ചതോടെ പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ചയില്‍ ഉള്‍ച്ചരടുകള്‍ പലത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍ പാര്‍ടിയില്‍ പല നിലയില്‍ നടക്കുമ്പോള്‍ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിന്റെ നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനമാണ് പ്രത്യേക ശ്രദ്ധ നേടുന്നത്.
ചാണ്ടി ഉമ്മനിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍തുടര്‍ച്ച ഉണ്ടാകുമെന്നും എന്നാലിത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍തുടര്‍ച്ച എന്ന വൈകാരിക തലം ഉയര്‍ന്നു വരുന്നതിന്റെ സൂചനയാണിത്. കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന്റെ വക്താക്കള്‍ക്കും ചാണ്ടി ഉമ്മന്‍ സ്വീകാര്യനാണ്. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ.
ചെറിയാന്‍ ഫിലിപ്പ് പരസ്യമായി ചാണ്ടി ഉമ്മനു വേണ്ടി രംഗത്തു വന്നു. നേരത്തെ കെ.എസ്.യു.വില്‍ ശ്രദ്ധേയയായി വന്നിരുന്ന അച്ചു ഉമ്മന്‍ ഇപ്പോള്‍ വിവാഹ ശേഷം സജീവമായില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ഇതിലൂടെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍തുടര്‍ച്ച മകനിലേക്ക് തന്നെയാണഅ തിരിയേണ്ടത് എന്ന സൂചനയാണ് ചെറിയാന്‍ നല്‍കുന്നത്.