പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് താന്‍ ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അതില്‍ കുറ്റം സമ്മതിക്കുന്നതായും പൊലീസിനോട് നടന്‍ വിനായകന്‍. തന്റെ ഫ്‌ലാറ്റിനു നേരെ നടന്ന അക്രമത്തില്‍ തനിക്ക് പരാതിയില്ലെന്നും വിനായകന്‍ പറഞ്ഞു. തനിക്കെതിരെ പരാതിയില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞതു പോലെ തനിക്കും തന്റെ താമസസ്ഥലത്തു നടന്ന അതിക്രമത്തില്‍ പരാതിയില്ലെന്ന് കൊച്ചിയിലെ തന്റെ ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയ പൊലീസിനോട് വിനായകന്‍ പറഞ്ഞു.
വിനായകനോട് ക്ഷമിച്ചതായും കേസെടുക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നേരത്തെ വ്യകതമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായാണ് വിനായകന്‍ പോലീസിനോട് പറഞ്ഞത്. ഇതോടെ വിനായകനെതിരെയുള്ള കേസ് ഗുരുതരമായി എടുക്കാൻ സാധ്യത കുറഞ്ഞു.
വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പറഞ്ഞു.
തന്റെ ഫ്‌ളാറ്റിനു നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്യലില്‍, ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ലെന്ന് വിനായകന്‍ പോലീസിനെ അറിയിച്ചു.
കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് പോലീസ് വിനായകന്റെ വീട്ടില്‍ പരിശോധന നടത്തിയത്.