കോൺഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് കനത്ത നഷ്ടമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. അയ്യങ്കാളി ഹാളിൽ കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി രാഷ്‌ട്രീയം മുതൽ സജീവമായിരുന്നു ഉമ്മൻചാണ്ടി. അന്ന് തൊട്ടേ കോൺഗ്രസിന്‍റെ ഏറ്റവും വലിയ പ്രചാരകനും സംഘാടകനുമായിരുന്നു. 1970ൽ അദ്ദേഹം നിയമസഭാ പ്രവർത്തനം ആരംഭിച്ചു, അതിൽ ഒരുകൂട്ടം യുവാക്കൾ കടന്നുവന്നിരുന്നു. 53 വർഷങ്ങൾ അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. അതൊരു റെക്കോർഡാണ്- മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ ഉമ്മൻചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാർട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകി. യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നിൽ തളർന്നില്ല. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നു ഉമ്മൻചാണ്ടിക്കെന്നും പിണറായി പറഞ്ഞു.