ബെംഗലുരുവില്‍ കഴിഞ്ഞ ദിവസങ്ങളിൽ 26 പ്രതിപക്ഷ പാര്‍ടികള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഒരു വ്യക്തിയുടെ മൗനം രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്. അത് മറ്റാരുടെയുമല്ല ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ ഏകീകരണത്തിന്റെ നേതാവായി പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാറിന്റെതാണ്. സമ്മേളനം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്‌തെന്ന വികാരമാണേ്രത നിതീഷിന്. കോണ്‍ഗ്രസ് ഷോ ആയിരുന്നു യോഗത്തില്‍ മുഴുവന്‍ എന്നും അദ്ദേഹത്തിനും ലാലു പ്രസാദ് യാദവിന്റെ പാര്‍ടിയായ ആര്‍.ജെ.ഡി.ക്കും വിമര്‍ശനമുണ്ട്. സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിലും നിതീഷ് കുമാറിന് രസിച്ചിട്ടില്ലത്രേ. സമ്മേളനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും നിതീഷിന്റെ സാന്നിധ്യം ഉണ്ടായില്ല. ഇതും വലിയ വാര്‍ത്തയായി.
എന്നാല്‍ തങ്ങള്‍ക്ക് അനിഷ്ടമുണ്ടെന്ന കാര്യം നിതീഷും ആര്‍.ജെ.ഡി നേതാക്കളും നിഷേധിക്കുന്നുണ്ട്. പക്ഷേ അവരുടെ ഒരു പ്രതികരണം അകത്തുള്ള അമര്‍ഷത്തിന്റെ തീയാളലിന്റെ സൂചന നല്‍കുന്നതാണ്. താന്‍ മീറ്റിങ് കഴിഞ്ഞ ഉടന്‍ ബംഗലുരു വിട്ടുവെന്നും പത്രസമ്മേളനത്തില്‍ എല്ലാവരും സംസാരിക്കേണ്ട് കാര്യമില്ലെന്നും നിതീഷ് പ്രതികരിച്ചുവെങ്കിലും എല്ലാവര്‍ക്കും ഇടം ലഭിക്കണം എന്ന ഒരു വാചകം കൂടി അദ്ദേഹം പറഞ്ഞത് അസംതൃപ്തിയുടെ അടയാളമായി കരുതപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ 15 പാര്‍ടികളാണ് പങ്കെടുത്തതെങ്കില്‍ ബെംഗലുരുവില്‍ 26 പാര്‍ടികള്‍ പങ്കെടുത്തു എന്നത് സന്തോഷകരമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
“എല്ലാം നന്നായി നടന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. പട്‌നയിൽ 15 പാർട്ടികളുടെ യോഗം ചേർന്നപ്പോൾ ബെംഗളൂരുവിൽ 26 പാർട്ടികളാണ് ഉണ്ടായിരുന്നത്. ചില പാർട്ടികളെ ഉൾപ്പെടുത്താൻ ഞാൻ നിർദ്ദേശിച്ചു, മറ്റുള്ളവയിൽ നിന്ന് ചില നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.”-നിതീഷ് പറഞ്ഞു.