ഒന്നരവർഷം മുമ്പ് കാണാതാവുകയും ‘മൃതദേഹത്തിനായി’ പൊലീസ് കുഴിതോണ്ടുകയും ചെയ്ത പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ ഭാര്യഅഫ്‌സാന പോലീസിനെതിരെ ഭീകര ആരോപണങ്ങളുമായി രംഗത്ത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പൊലീസിനോട് സമ്മതിച്ചിരുന്നത്. എന്നാല്‍ അതിനുള്ള ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നുമില്ല. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം നാടകീയമായി നൗഷാദ് തിരിച്ചെത്തിയത്. ഇതോടെ അഫ്‌സാനയുടെ മേലുള്ള കൊലക്കുറ്റം ഒഴിവാകുകയും അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ജാമ്യം നേടി ഇറങ്ങിയപ്പോഴാണ് പൊലീസ് തന്നെ മര്‍ദ്ദിച്ച് കൊലക്കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അഫ്‌സാന പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവർ രംഗത്തെത്തിയത്.
“നൗഷാദിനെ കൊന്നതെന്ന് പൊലീസ് മർദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മർദ്ദനമാണ് കസ്റ്റഡിയിൽ ഏറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുളളവർ മർദ്ദിച്ചു. പല തവണ പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. നല്ലപോലെ എന്നെ ദേഹം നോവിച്ചു. ഞാൻ ഇങ്ങനെ അടി കൊണ്ടിട്ടില്ല. എന്റെ പുറം ഒക്കെ അടിച്ചുകലക്കി. എനിക്ക് ഒരുപാട് നേരം നിൽക്കാൻ വയ്യ. നൗഷാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നു പറഞ്ഞു. അതിനുശേഷം അവർ പറഞ്ഞത് മാത്രമാണ് ഞാൻ ചെയ്തത്. എന്റെ രണ്ടു കുഞ്ഞുങ്ങളെ പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണ് കൊന്നെന്നു സമ്മതിച്ചത്. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ള കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്നമുണ്ടായിരുന്നു. മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു’- അഫ്സാന പറഞ്ഞു.