ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗം ഇല്ലാതെ വികൃതമാക്കി അവതരിപ്പിച്ച ഇന്ത്യൻ ഭൂപടം ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൻ വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ “വിശ്വഗുരു” ആയി ചിത്രീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു അനിമേഷൻ ചിത്രത്തിലാണ് വികൃതമാക്കിയ ഇന്ത്യൻ ഭൂപടം അവതരിപ്പിച്ചിട്ടുള്ളത്.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും മറ്റുള്ള ബിജെപി നേതാക്കളും വീഡിയോ ഡിലീറ്റ് ചെയ്തപ്പോഴും തെറ്റ് അംഗീകരിക്കുന്നതോ മാപ്പു ചോദിക്കുന്നതുമായ ഒരു ഔദ്യോഗിക അറിയിപ്പും പാർട്ടിയിൽ നിന്ന്ഉണ്ടായിട്ടില്ല.
ഈ വിഷയത്തിൽ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആളുകൾ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും വിതരണം ചെയ്യുകയും യഥാർത്ഥത്തിൽ അവർ തന്നെയാണ് രാജ്യദ്രോഹികളെന്നും ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ ചില ഭാഗങ്ങൾ ചൈനയുടെയും പാകിസ്താന്റെയും ഭാഗമാണെന്ന് കാണിക്കുന്നുണ്ടെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഇതൊരു തെറ്റ് പറ്റിയതല്ലെന്നും ഇതാണ് അവർ ആഗ്രഹിക്കുന്നതെന്നും ബിജെപി കളിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ലഡാക്കിലെ അതിർത്തി ലംഘനങ്ങളിൽ ചൈനയ്ക്കെതിരെ നിലകൊള്ളുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും ഇന്ത്യ അവകാശപ്പെടുന്ന അതിർത്തികളിൽ പോലും പുതിയ ബഫർ സോണുകൾ അംഗീകരിച്ചുകൊണ്ട് കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുന്നുവെന്നും കോൺഗ്രസും നിരവധി സൈനിക വിദഗ്ധരും മോദി ഗവണ്മെനന്റിനെതിരെ ആരോപണം ഉന്നയിച്ച സമയത്താണ് പുതിയ ഭൂപട വിവാദം.
2016ൽ ബിജെപി സർക്കാർ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ റെഗുലേഷൻ ബിൽ അവതരിപ്പിച്ചിരുന്നു. ഈ ബില്ലിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വികലമായ ഭൂപടം കാണിച്ചാൽ 100 കോടി രൂപ പിഴയും ഏഴ് വർഷം തടവുമാണ് ശിക്ഷ. നിലവിൽ ഈ ബിൽ പാസായിട്ടില്ല. എന്നാൽ ഈ ബിൽപ്രകാരം നടപടിയെടുക്കുകയാണെങ്കിൽ ബിജെപിക്കെതിരെ കേസെടുക്കുമോ എന്നും ആരായിരിക്കും ജയിലിൽ പോകുക എന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.