2023ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 19.7 കോടി ആയേക്കുമെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. തൃണമൂൽ കോൺഗ്രസിലെ മാല റോയി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. 2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം മുസ്ലീങ്ങളാണെന്നും 2023 ലും ഈ ജനസംഖ്യ ഇതേ അനുപാതത്തിലായിരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
2011ൽ രാജ്യത്തെ മുസ്ലീം ജനസംഖ്യ 17.2 കോടിയായിരുന്നു. ടെക്നിക്കൽ ഗ്രൂപ്പ് ഓൺ പോപ്പുലേഷൻ പ്രൊജക്ഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2023 ൽ രാജ്യത്തെ ജനസംഖ്യ 138.8 കോടിയാണ്. 2011 ലെ സെൻസസിൽ ഉണ്ടായിരുന്ന അതേ അനുപാതം വെച്ചു നോക്കിയാൽ, 2023 ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആകും– സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞു.
പാസ്മണ്ട മുസ്‌ലിംകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സ്മൃതി ഇറാനി മറുപടി നൽകിയില്ല. ഇതേക്കുറിച്ച് മാല റോയ് പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്. മെയ് 30 വരെയുള്ള കണക്കനുസരിച്ച്, മുസ്ലീം ജനസംഖ്യയെക്കുറിച്ച് രാജ്യവ്യാപകമായി എന്തെങ്കിലും ഡാറ്റ ഉണ്ടോ, പാസ്മണ്ട മുസ്‌ലിങ്ങളുടെ ജനസംഖ്യ സംബന്ധിച്ച എന്തെങ്കിലും ഡാറ്റ സർക്കാരിന്റെ പക്കലുണ്ടോ, രാജ്യത്തെ പാസ്മണ്ട മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാമോ എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.
അടിസ്ഥാന സൗകര്യങ്ങളും, കുടിവെള്ള വിതരണവും മെച്ചപ്പെട്ടതായി 94.9 ശതമാനം മുസ്ലീങ്ങൾ വെളിപ്പെടുത്തിയതായും സ്മൃതി ഇറാനി പാർലമന്റിനെ അറിയിച്ചു. മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭിച്ചെന്ന് 97.2 ശതമാനം മുസ്ലീങ്ങൾ പറഞ്ഞപ്പോൾ, 50.2 ശതമാനം മുസ്ലീം കുടുംബങ്ങൾ 2014 മാർച്ച് 31 ന് ശേഷം തങ്ങൾ ആദ്യമായി പുതിയ വീടോ ഫ്‌ളാറ്റോ വാങ്ങുകയോ നിർമിക്കുകയോ ചെയ്തതായി കണക്കാക്കപ്പെട്ടുവെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.