ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം വിരിച്ച വലയില്‍ വീഴാതെ മുസ്ലീംലീഗ് തീരുമാനമെടുത്തപ്പോള്‍ രക്ഷപ്പെട്ടത് കോണ്‍ഗ്രസും പാലിക്കപ്പെട്ടത് മുന്നണി മര്യാദയുമാണ് എന്ന് ഒറ്റ നോട്ടത്തില്‍ പറയാം. യു.ഡി.എഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അവര്‍ക്ക് ഇന്ന് ഏറ്റവും വലിയ തിളയ്ക്കുന്ന വിഷയമാണ് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനെ എതിര്‍ക്കാന്‍ ഏത് പ്ലാറ്റ്‌ഫോമിലും പോകണമെന്ന് ലീഗില്‍ ഒട്ടേറെ പേര്‍ക്ക് അഭിപ്രായവും ഉണ്ട്.
ഏറെക്കാലമായി ഇടതുസര്‍ക്കാര്‍ മുസ്ലീംലീഗിനെ യു.ഡി.എഫില്‍ നിന്നും അടര്‍ത്തി കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ പല തന്ത്രപരമായ പ്രതികരണങ്ങളും തുടങ്ങിയിട്ട്. വര്‍ഗീയ കക്ഷിയെന്ന് സാക്ഷാല്‍ ഇ.എം.എസ്. പറഞ്ഞുറപ്പിച്ച ലീഗിനെ വെളുപ്പിച്ച് അവര്‍ വര്‍ഗീയ കക്ഷിയല്ല എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഉന്നത ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആരോപിതമായ മൃദു സി.പി.എം. നിലപാടും ചില സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം. കോഴിക്കോട്ട് നടത്താന്‍ പോകുന്ന സെമിനാറിലേക്ക് മുസ്ലീംലീഗിനെ ക്ഷണിക്കാനുള്ള തന്ത്രത്തെയും എല്ലാ രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.
യു.ഡി.എഫില്‍ നിന്നും ലീഗിനെ മാത്രം ക്ഷണിച്ച സി.പി.എം. ലക്ഷ്യമിട്ടത് ആ മുന്നണിയില്‍ അസ്വസ്ഥത ഉണ്ടാക്കുക എന്നത് തന്നെയായിരുന്നു. വേണമെങ്കില്‍ മുസ്ലീംലീഗിന് ഇടതുമുന്നണിയുടെ തലോടല്‍ നേടാനായി, മുസ്ലീം സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചു എന്ന് പ്രഖ്യാപിക്കാനായി സി.പി.എം.ഒരുക്കിയ പ്ലാറ്റ് ഫോമില്‍ സംബന്ധിക്കാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ച് സമസ്ത എന്ന ലീഗ് അനുകൂല-യുഡിഫ് അനുകൂല സമുദായ പ്രസ്ഥാനം ആ സെമിനാറില്‍ പങ്കെടുക്കുന്നത് കണക്കിലെടുത്ത്.
എന്നാല്‍ ആ കുഴിയില്‍ വീഴാതെ തീരുമാനമെടുത്ത മുസ്ലീം ലീഗ് മുന്നണി മര്യാദയുടെ ഉദാത്തമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാനകാര്യം, എന്തുകൊണ്ടാണ് ലീഗ് സിപിഎം സെമിനാറില്‍ പങ്കെടുക്കില്ല എന്ന കാര്യം ഉടനെ പ്രഖ്യാപിക്കാതെ, സാവകാശം എടുത്തത് എന്നതാണ്. ഇത് കോണ്‍ഗ്രസിനെ കൂടി അല്‍പം ഒന്ന് സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനാണെന്നും സിപിഎമ്മിന് ചെറിയൊരു പ്രലോഭനം നല്‍കാനാണെന്നും നിരീക്ഷണമുണ്ട്.
അതായത് സിപിഎമ്മിനോട് ലീഗ് നേതൃത്വത്തിന് മൃദുസമീപനമുണ്ടെന്ന ചര്‍ച്ചയ്ക്ക് ബലം നല്‍കുന്ന നടപടി തന്നെയാണ് ഏക സിവില്‍ കോഡ് സെമിനാര്‍ കാര്യത്തിലും ഉണ്ടായത് എന്ന ചര്‍ച്ച സജീവമാണ്.