വടക്കൻ കശ്മീരിലെ അതിർത്തി ജില്ലകളായ ബാരാമുള്ളയിലും കുപ്‌വാരയിലും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമാ ഹാളുകൾ വീണ്ടും തുറന്നത് ഒരു ചെറിയ വാർത്തയല്ല. 1990 കളിൽ ഭീകര വാദത്തിന്റെ കേന്ദ്രങ്ങൾ ആയിരുന്ന ഇവിടങ്ങളിലെ ജനജീവിതം ഇപ്പോൾ ശാന്തവും സാധാരണവുമായ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്ന് പറയാം. 100 സീറ്റുകൾ വീതമുള്ള രണ്ട് മൾട്ടി പർപ്പസ് സിനിമാ ഹാളുകൾ ബാരാമുള്ളയിലും കുപ്‌വാരയിലും അടുത്തിടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
താഴ്‌വരയിലെ തീവ്രവാദത്തിന്റെ മൂർദ്ധന്യത്തിൽ, അയൽരാജ്യമായ പാകിസ്ഥാനിലെ തങ്ങളുടെ ചിന്താഗതിക്കാരുമായി സമ്പർക്കം പുലർത്താൻ തീവ്രവാദികൾ ഈ രണ്ട് ജില്ലകളെ അവരുടെ പ്രധാന റൂട്ടുകളായി ഉപയോഗിച്ചിരുന്നു . നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം സ്ഥിതി ചെയ്യുന്ന രണ്ട് ജില്ലകളും താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാനുള്ള മാർഗമാക്കി തീവ്രവാദ സംഘടനകൾ ഉപയോഗിച്ചു . കൂടാതെ ആയുധ പരിശീലനത്തിനായി സ്വന്തം അനുയായികളെ പാകിസ്താനിലേക്ക് കൊണ്ടു പോകാൻ ഈ ജില്ലകളിലെ വഴികൾ ഉപയോഗിക്കുകയും ചെയ്തു.
ബാരാമുള്ളയും കുപ് വാരയും എല്ലാ ദിവസവും വാര്‍ത്തകളില്‍ ഇടം നേടിയ കാശ്മീര്‍ പ്രദേശങ്ങളായിരുന്നു ഒരു കാലത്ത്. തീവ്രവാദികളുടെ സ്വാധീന ജില്ലകളെന്ന നിലയില്‍ എണ്ണമറ്റ സൈനിക നീക്കങ്ങള്‍ ഇവിടങ്ങളില്‍ നടന്നു. ഒട്ടേറെ ജീവനുകള്‍ ഇവിടെ പൊലിഞ്ഞു.