രണ്ട് ദിവസത്തെ സന്ദർശനത്തിനായി പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാഴാഴ്ച ചുവന്ന പരവതാനി വിരിച്ച് സ്വീകരണം നൽകി. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു.
വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി, ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി വിപുലമായ ചർച്ചകൾ നടത്തുകയും ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുകയുമാണ് മോദിയുടെ സന്ദർശന ലക്ഷ്യം. ഉഭയകക്ഷി പ്രതിരോധ ബന്ധം വിപുലപ്പെടുത്തുന്നത് മാക്രോണുമായുള്ള ചർച്ചകളിൽ ഉയരും.
പ്രമുഖ സിഇഒമാർ, പ്രമുഖ ഫ്രഞ്ച് വ്യക്തികൾ എന്നിവരെയും ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തെയും മോദി കാണും. 2022-ലെ ഫ്രാൻസിലേക്കുള്ള അവസാന ഔദ്യോഗിക സന്ദർശനത്തിന് ശേഷം 2023 മെയ് മാസത്തിൽ ജപ്പാനിലെ ഹിരോഷിമയിൽ വെച്ച് ജി-7 ഉച്ചകോടിക്കിടെ മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ കാണാൻ അവസരം ലഭിച്ചിരുന്നു. അതിനു ശേഷം നടക്കുന്ന കൂടിക്കാഴ്ച ആണ് ഇപ്പോൾ നടക്കുന്നത്.