പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ മണിപ്പൂരില്‍ നിന്നും പുറത്തു വന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിലുള്ള സാമൂഹ്യസുരക്ഷയുടെയും സ്ത്രീ സുരക്ഷയുടെയും യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവന്നു.

മണിപ്പൂരില്‍ കുക്കി വംശജരായ രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുന്നതും സ്വകാര്യ അവയവങ്ങളെ ആക്രമിക്കുന്നതുമായ വീഡിയോ ആണ് ഇന്നലെ സമൂഹമാധ്യമത്തില്‍ വൈറലായത്. രാജ്യം ഇതു കണ്ട് ഞെട്ടിത്തരിച്ചു പോയി. പിറകെ നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡ്യ ടുഡേ എന്ന മാധ്യമത്തിലൂടെ അതിന്റെ വാര്‍ത്തയും പുറത്തുവന്നു.
ഇന്‍ഡീജീനസ് ട്രൈബല്‍ ഫോറം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുക്കി ആദിവാസി സ്ത്രീകളെ ശാരീരികമായി അപമാനിച്ചു കൊണ്ട് ജനക്കൂട്ടം നടത്തിക്കുകയും ഒരു പാടത്ത് ഇട്ട് കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്ന് പറയുന്നു. ഈ സ്ത്രീകളെ ഈ രീതിയില്‍ ക്രൂരമായി കൈകാര്യം ചെയ്തത് മെയ്‌തെയ്കളാണെന്നും ഫോറം ആരോപിക്കുന്നു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മെയ് നാലിന് നടന്ന സംഭവമാണ് ഇതെന്നാണ് ഐ.ടി.എല്‍.എഫ്. പറയുന്നത്. മെയ് മൂന്നിനാണ് മണിപ്പൂരില്‍ മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം ആരംഭിച്ചത്.
അതിക്രൂരമായ വീഡിയോ ഇന്നലെ രാത്രി തന്നെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഫോട്ടോകളുടെ സ്‌ക്രീന്‍ ഗ്രാബ് ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
മാസങ്ങള്‍ പലതായിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി മണിപ്പൂരിലെ വലിയ മനുഷ്യാവകാശ ലംഘനങ്ങളിലോ സമാനതയില്ലാത്ത കലാപത്തിലോ പ്രതികരിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയം.
കുക്കി വനിതകളെന്ന് പറയുന്ന രണ്ടു സ്ത്രീകളെ ക്രൂരമായി കൈകാര്യം ചെയ്യുന്ന വീഡിയോ വന്നതില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളെല്ലാം നടുക്കം പ്രകടിപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമർശിച്ചു രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഇന്ത്യയെന്ന ആശയം മണിപ്പൂരിൽ ആക്രമിക്കപ്പെടുമ്പോൾ രാജ്യം മിണ്ടാതെയിരിക്കില്ലെന്നും മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം തങ്ങൾ നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമെന്നായിരുന്നു പ്രിയങ്കഗാന്ധിയുടെ പ്രതികരണം.
കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കണ്ണടച്ച് ഇരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച പ്രിയങ്കാ ഗാന്ധി ഇത്തരം ചിത്രങ്ങളും അക്രമങ്ങളും അവരെ അസ്വസ്ഥമാക്കുന്നില്ലേയെന്നും ചോദിച്ചു.
ഇരട്ട എൻജിൻ സർക്കാരിന്റെ കീഴിൽ നടക്കുന്ന അതിക്രമങ്ങളിൽ നരേന്ദ്രമോദി മൗനം തുടരുന്നുവെന്നും മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാണെന്നുമായിരുന്നു സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.