ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ വേര്‍പാടില്‍ മന്ത്രി പി.രാജീവിന്റെ ആദരവ് കലര്‍ന്ന അനുശോചനം ശ്രദ്ധ നേടുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ടി കുന്ദേരയെ എങ്ങിനെ കാണുന്നു എന്നത് ആലോചിക്കുന്നത് കൗതുകം തന്നെയാണ്. മലയാള പത്രങ്ങളെല്ലാം ഈ വിശ്വസാഹിത്യകാരന്റെ മരണം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയപ്പോള്‍ ദേശാഭിമാനി കുന്ദേരയ്ക്ക് ഇടം നല്‍കിയത് പിന്‍ പേജില്‍(കണ്ണൂര്‍ എഡിഷന്‍ പത്രം ആണ് ഈ കുറിപ്പെഴുതുമ്പോള്‍ വായിച്ചത്). ഇതിന്റെ കാരണം എന്താണെന്ന് തിരക്കിയപ്പോള്‍ കുന്ദേരയ്ക്ക് ദേശാഭിമാനിയിലെന്തു കാര്യം എന്ന് പ്രതികരണമാണ് കിട്ടിയത്.
സാധാരണ ഗതിയില്‍ അസാധാരണമായ ഒന്നാണ് ഇത്. എഴുത്തിനെയും സംസ്‌കാരത്തെയും എന്നും മുന്‍പന്തിയില്‍ പ്രതിഷ്ഠിക്കുന്ന ഇടതുപക്ഷത്തിന്റെ പതിവു രീതിയല്ലല്ലോ ഇത്.

ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയധാരണയില്ലായ്മയുണ്ടെന്നുറപ്പാണ്. കുന്ദേരയുടെ രാഷ്ട്രീയം സമഗ്രാധിപത്യ കമ്മ്യൂണിസത്തിന് എതിരായിരുന്നു. ചെക്ക് കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന കുന്ദേരയുടെ സര്‍ഗാത്മക ജീവിതം മാറ്റി മറിച്ച് ലോകമറിയുന്ന കുന്ദേരയാക്കിയത് പ്രാഗ് വസന്തമായിരുന്നു- ലോകകമ്മ്യൂണിസത്തില്‍ കരടായി മാറിയ പ്രാഗ് വസന്തം.
ദൂബ് ചെക്കിന്റെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യസ്വാതന്ത്ര്യമുന്നേറ്റത്തെ സോവിയറ്റ് സൈന്യം ചെക്കസ്ലോവാക്യയെ ആക്രമിച്ചു കീഴടക്കിയാണ് പരാജയപ്പെടുത്തിയത്. പ്രാഗ് വസന്തത്തിന്റെ വക്താവായ കുന്ദേരയെ ചെക് കമ്മ്യൂണിസ്റ്റ് പാര്‍ടി പുറത്താക്കി. കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മുദ്ര കുത്തപ്പെട്ട കുന്ദേരയ്ക്ക് സ്വന്തം രാജ്യം വിടേണ്ടി വന്നു. ഫ്രാന്‍സില്‍ കുടിയേറിയ കുന്ദേര ഫ്രഞ്ച് പൗരനായി പതിറ്റാണ്ടുകള്‍ ജീവിച്ചു. സ്വന്തം രാജ്യം വിടേണ്ടിവന്ന പ്രതിസന്ധിയില്‍ പിറന്ന ചിന്തകളാണ് കുന്ദേരയിലെ എഴുത്തുകാരനെ സൃഷ്ടിച്ചത്.

ചരിത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും സര്‍ഗാത്മകതയുടെ ഉറവകള്‍ കുന്ദേര ആവാഹിച്ചു. മനുഷ്യജീവിതത്തിലെ എല്ലാ പാരതന്ത്ര്യങ്ങളോടും കുന്ദേര കലഹിച്ചു. ദി ബുക്ക് ഓഫ് ലാഫര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങിലെ the struggle of man against power is the struggle of memmory against forgetting എന്ന സുപ്രസിദ്ധമായ വാചകം പിന്നീട് കുന്ദേരയുടെ സാഹിത്യത്തിന്റെ തന്നെ ടാഗ് ലൈന്‍ ആയി അറിയപ്പെടുന്നു. മറവിക്കെതിരെ ഓര്‍മകളുടെ സമരം- അതായിരുന്നു കുന്ദേരയുടെ എഴുത്തിന്റെ മര്‍മ്മം.
കുന്ദേരയെ പുറത്താക്കിയ രാഷ്ട്രീയം ഇന്ന് ലോകത്തില്‍ ഇല്ല. ആ രാജ്യം ഇല്ല, പ്രാഗ് വസന്തം തല്ലിക്കെടുത്തിയ ലോക രാഷ്ട്രം പോലും ഇന്ന് വെറും ഓര്‍മയാണ്. കമ്മ്യൂണിസം ഇന്ന് ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലല്ലാതെ തനതായി എവിടെയും ഇല്ല- സമഗ്രാധിപത്യത്തിന്റെ മുഖം മൂടിയിട്ടുള്ള ഭരണകൂടമായി മാത്രം ചിലയിടത്ത് നിലനില്‍ക്കുന്നു. എന്നാല്‍ കുന്ദേരയുടെ കലാപം ലോകത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. പ്രായശ്ചിത്തം പോലെ കുന്ദേരയ്ക്ക് പിന്നീട് ചെക് പൗരത്വം തിരിച്ചു നല്‍കിയതിലും ഒരു വലിയ സന്ദേശമുണ്ടായിരുന്നു.
സമഗ്രാധിപത്യ രാഷ്ട്രീയങ്ങള്‍ക്ക് ഇന്നും കുന്ദേരയുടെ മറവിക്കെതിരെ ഓര്‍മയുടെ സമരം പഥ്യമാകാനിടയില്ല.
കുന്ദേരയുടെ സാഹിത്യം ആസ്വദിക്കുമ്പോഴും കുന്ദേരയുടെ മൂല്യബോധം ക്ലാസിക് കമ്മ്യൂണിസ്റ്റ് ബോധത്തിന് ചതുര്‍ഥി തന്നെ. വിശ്വപ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ വിയോഗത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രം പിന്‍പേജില്‍ ഇടം കൊടുത്തത് ഒരു സന്ദേശമല്ലേ…
കുന്ദേരയെ തള്ളിക്കളഞ്ഞ സാമൂഹിക ക്രമവും രാഷ്ട്രീയ കാലാവസ്ഥയും എല്ലാം ലോകാമകെ ഇല്ലാതായിട്ടും കുന്ദേര ആരെയാണ് അലോസരപ്പെടുത്തുന്നത്…ആര്‍ക്കാണ് അനഭിമതനായിരിക്കുന്നത്.!!