തിങ്കളാഴ്ച കെ.പി.സി.സി. നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണപരിപാടിക്കിടയില്‍ മുഖ്യമന്ത്രി പ്രസംഗിക്കവേ മൈക്കിലൂടെ അപശബ്ദം(ഹൗളിങ്) ഉണ്ടായതില്‍ പൊലീസ് കേസ്. മൈക്കും ആംപ്ലിഫയറും കേബിളും കസ്റ്റഡിയിലെടുത്തു. ഇത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. സ്വമേധയാ കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത് ഹൗളിങ് ഉണ്ടായത് പൊതുസുരക്ഷയെ ബാധിക്കുന്നതായി മാറി എന്നും ബോധപൂര്‍വ്വമാണ് ഈ തകരാര്‍ ഉണ്ടാക്കിയത് എന്നുമാണ്.
അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മൈക്ക് ഷോപ്പുടമ രഞ്ജിത് പറയുന്നത് മൈക്കിന്റെ കണ്‍സോളില്‍ ആരോ ചവിട്ടുകയോ ബാഗ് വെക്കുകയോ ചെയ്തതു മൂലം അതിന്റെ വോള്യം അറിയാതെ ഉയര്‍ന്നതു മൂലമാണ് ബൗളിങ് ഉണ്ടായത് എന്നാണ്. ഇത് പത്ത് സെക്കന്റില്‍ തന്നെ പരിഹരിക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
ഇത് ഒരുതരത്തിലും ആരും മനപൂര്‍വ്വം ചെയ്തതല്ലെന്നും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ തല്‍സമയം അവിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് കണ്‍സോളിന് തകരാര്‍ ഉണ്ടായത് എന്നും രഞ്ജിത് പറയുന്നു.
ഉമ്മന്‍ചാണ്ടി അനുസ്മരണപരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റ ഉടനെ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സദസ്സില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ മുദ്രാവാക്യം മുഴക്കുകയുണ്ടായി. ഇത് പിന്നീട് വിവാദമായി.
മുഖ്യമന്ത്രിയെ അപമാനിക്കുന്ന മുദ്രാവാക്യമായി ഇത് മാറിയെന്ന് സി.പി.എം. കേന്ദ്രങ്ങളില്‍ സ്വകാര്യമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മുദ്രാവാക്യം ഉയര്‍ന്ന ഉടനെ ജില്ലാ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് അത് അവസാനിപ്പിച്ചിരുന്നതിനാല്‍ അത് മനപ്പൂര്‍വ്വം ആണെന്ന് കരുതുക വയ്യെന്ന അഭിപ്രായവും ഉണ്ട്. അതേസമയം ഉമ്മന്‍ചാണ്ടിയെ സി.ബി.ഐ.യെക്കൊണ്ടു പോലും വേട്ടയാടിയ മുഖ്യമന്ത്രിയെ അനുസ്മരണ പ്രഭാഷണം നടത്താന്‍ വിളിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ആക്ഷേപം ഉണ്ട്.
അനുസ്മരണ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തിയപ്പോള്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ ഉമ്മന്‍ചാണ്ടിയെ ഭരണകൂടം വേട്ടയാടിയ കാര്യം വിശദീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്തായിരുന്നു എന്നാണ് വിവരം.
മൈക്ക് ഹൗളിങ് വന്നതില്‍ ഇപ്പോള്‍ ഒരു പരാതിയും ഇല്ലാതെ തന്നെ കേസെടുത്തതിനു പിന്നില്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള നീരസം ഉണ്ടെന്ന വിലയിരുത്തലും പുറത്തു വരുന്നുണ്ട്.
എന്തായാലും നേരത്തെ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്റെ ജനകീയ പ്രതിരോധ യാത്രയ്ക്കിടയില്‍ മൈക്ക് സെറ്റ് കേടായതിന് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവവും ഇപ്പോള്‍ വന്നിരിക്കുന്ന കേസും ചേര്‍ത്ത് വെച്ച് വലിയ രീതിയിലുള്ള പരിഹാസവും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇതോടെ പൊലീസും സമ്മര്‍ദ്ദത്തിലായിരിക്കയാണ്. വെറും പരിശോധനയ്ക്കു വേണ്ടിയാണ് മൈക്ക് കസ്റ്റഡിയിലെടുത്തതെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ പരിശോധന നടത്തണമെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താലേ സാധ്യമാകൂ എന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.