രാജ്യത്തെ നടുക്കിയ ക്രൂരമായ മാനഭംഗം സംഭവിച്ചിട്ട് 78 ദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇപ്പോള്‍ അന്നത്തെ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പുറത്തു വന്നതിനു ശേഷം കുറ്റപ്പെടുത്തുന്നത് ഇന്റര്‍നെറ്റിനെ.!! രണ്ട് സ്ത്രീകൾക്കെതിരെ നടന്ന ക്രൂരതകൾ രാജ്യം ചർച്ചചെയുമ്പോൾ ഇന്റർനെറ്റ് നിരോധനവുമായി ബന്ധപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഒരു ദേശീയ മാധ്യമത്തിനോട് ബിരേന്‍ സിങ് പറഞ്ഞ വാക്കുകളാണ് വിവാദമാകുന്നത്.
“നിങ്ങള്‍ ആരോപണങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കരുത്, ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിനാലാണ് ഇന്റര്‍നെറ്റ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.”-ബീരേന് സിംഗ് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങള്‍ നിരവധി വേറെ നടന്നിട്ടുണ്ടാകാം എന്നുള്ള ചർച്ച രാജ്യത്തെമ്പാടും നടക്കുമ്പോഴാണ് മുഖ്യമന്ത്രി ഇന്റർനെറ്റിനെ കുറ്റപ്പെടുത്തുന്നത്.
ഇന്റർനെറ്റ് അടച്ചുപൂട്ടലും മാധ്യമ സെൻസർഷിപ്പും കാരണം മണിപ്പൂരിലെ അക്രമത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇന്ത്യൻ ജനതയുടെ വലിയൊരു വിഭാഗത്തിന് അറിയില്ല. സംഭവം നടന്ന് 78 ദിവസങ്ങൾക്ക് ശേഷം കുക്കി സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ, വീഡിയോകൾ സെൻസർ ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുകയായിരുന്നു സർക്കാർ ആദ്യം ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. നിരവധി പേര്‍ റാലിക്ക് പിന്തുണയുമായി രംഗത്തെത്തി.