മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മുൻഗണനകൾ’ തെറ്റിപ്പോയെന്ന് കലാപബാധിത ജില്ലയായ ചുരാചാന്ദ്പൂരിലെ സൈക്കോട്ട് എംഎൽഎയും ബിജെപി നേതാവുമായ പൗലിയൻലാൽ ഹോകിപ്പ്. മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിനെതിരെയും പൗലിയൻലാൽ ആഞ്ഞടിച്ചു.
ഇന്‍ഡ്യ ടുഡേയില്‍ എഴുതിയ ഒപ്പീനിയന്‍ ലേഖനത്തിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാരിൽ ഒരാളായ ഹോകിപ്പിന്റെ വിമർശനം. കുക്കി വിഭാഗത്തിന് ആധിപത്യമുള്ള ജില്ലകളിൽ പ്രത്യേക ഭരണസംവിധാനം വേണമെന്ന് മേയ് മാസത്തിൽ തന്നെ മുഖ്യമന്ത്രിയ്‌ക്ക് താൻ കത്തെഴുതിയിരുന്നതായി ഹോകിപ്പ് പറയുന്നു .
സംസ്ഥാനത്ത് നടന്ന വംശീയ ആക്രമണങ്ങളിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയുണ്ടെന്നും മുഖ്യമന്ത്രി ഒത്തുകളിച്ചെന്നും അദ്ദേഹം ആരോപിച്ചു.പക്ഷപാതപരമായി പെരുമാറുന്ന സർക്കാർ സംസ്ഥാനത്തെ സമാധാനത്തിന് ഹാനികരമാണ്.
ബിരേൻ സിംഗിന്റെ കീഴിൽ പക്ഷപാതപരമായ പെരുമാറ്റമുണ്ടെന്നും ഹോകിപ്പ് പറയുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനെന്ന പേരിൽ തങ്ങളെ നിരന്തരം ബിരേൻ സിംഗ് ലക്ഷ്യമിടുന്നതായി കുക്കി വിഭാഗക്കാർ ആരോപിക്കുന്ന കാര്യമാണ്. ഇത് അഭിമുഖീകരിച്ചു ഭിന്നത പരിഹരിക്കാൻ ശ്രമിച്ചില്ലെന്നുള്ള സൂചനയും എംഎൽഎ നൽകുന്നു.