മണിപ്പൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ രണ്ട് പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങളും വാര്‍ത്തകളും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ജനങ്ങള്‍ കണ്ടത്. സ്വത്തിനും ജീവിനും കാവല്‍ നില്‍ക്കേണ്ട പൊലീസ് പക്ഷെ കാവലായത് അക്രമികള്‍ക്കായിരുന്നുവെന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
എന്നാല്‍ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടിലൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അക്രമികളില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട സ്ത്രീ പറയുന്നതനുസരിച്ച് എട്ട് സ്ത്രീകള്‍ ആള്‍ക്കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. എതിര്‍ക്കാന്‍ നോക്കിയ ഇവരുടെ മകനെയും ഭര്‍തൃസഹോദരനെയും അക്രമികള്‍ തെരുവില്‍ തല്ലിക്കൊന്നുവെന്നും അവര്‍ വെളിപ്പെടുത്തി. കുകികളുടെ ഗ്രാമമായ ബിപൈന്യത്തില്‍ അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടമാണ് രക്ഷപ്പെട്ട സ്ത്രീ പുറത്തു പറഞ്ഞത്.
മണിപ്പൂർ അക്രമത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന മറ്റൊരു വാർത്ത, കുകി യുവാവിന്‍റെ തല വെട്ടിമാറ്റിയെന്ന വിവരങ്ങളാണ്. ഡേവിഡ് തീക്ക് എന്നയാളിന്‍റെ ശിരസാണ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു കോളനിക്കുള്ളില്‍ മുളം കമ്പുകള്‍ കൊണ്ടുള്ള മതലില്‍ വച്ചിരിക്കുന്ന നിലയിലാണ് ശിരസ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഈ അക്രമത്തില്‍ ഇയാളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെട്ടിമാറ്റപ്പെട്ട തല പല ഇടങ്ങളിലും അക്രമികള്‍ പ്രദര്‍ശിപ്പിച്ചതായും വിവരമുണ്ട്.
മെയ് മൂന്നിന് ആരംഭിച്ച കാലപത്തില്‍ മെയ് നാലിന് നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തറിഞ്ഞത്. ഇനിയും 78 ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നു. ഇനിയും എന്തൊക്കെ കാണുകയും കേള്‍ക്കേണ്ടിയും വരുമെന്ന ഭീതിയിലാണ് രാജ്യത്തെ ജനങ്ങള്‍.