വിഭാഗീയതയ്ക്ക് രാജി നല്‍കി അനുരഞ്ജനത്തിന്റെ പാതയിലേക്ക് വന്ന രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വ്യാപകമായ മാറ്റങ്ങള്‍. പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സച്ചിൻ പൈലറ്റ് വരുമോ എന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും നിലവിലുള്ള അധ്യക്ഷന് മാറ്റമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഗോവിന്ദ് സിംഗ് ദോട്ടസാര സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ഇപ്പോൾ സാധ്യത.
സച്ചിൻ പൈലറ്റ് സംസ്ഥാന രാഷ്ട്രീയം വിട്ട്എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ആകും എന്നാണ് സൂചനകള്‍.
സംസ്ഥാന എക്‌സിക്യൂട്ടീവ് പുനസ്സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റിന്റെ എതിരാളിയുമായ അശോക് ഗെഹ്ലോട്ടിന് മികച്ച സ്വാധീനം ഉണ്ട്.
പുതിയ 192 ഭാരവാഹികളില്‍ 21 വൈസ് പ്രസിഡണ്ടുമാരും 48 ജനറല്‍ സെക്രട്ടറിമാരും 121 സെക്രട്ടറിമാരും 25 പുതിയ ജില്ലാ പ്രസിഡണ്ടുമാരും ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന തത്വം അനുസരിച്ചാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്.
മന്ത്രിമാരെ മറ്റ് സംഘടനാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. മന്ത്രിമാരായ മഹേന്ദ്രജിത് സിംഗ് മാളവ്യ, രാംലാൽ ജാട്ട്, ഗോവിന്ദ് മേഘ്‌വാൾ, രാജേന്ദ്ര ചൗധരി, ഹരിമോഹൻ ശർമ്മ, മുൻ മന്ത്രി മംഗിലാൽ ഗരാസിയ, എംഎൽഎ ലഖൻ സിംഗ് മീണ എന്നിവർ ഒഴിവാക്കപ്പെട്ടു.. നിരവധി നേതാക്കള്‍ ഒന്നിലധികം സ്ഥാനത്തു നിന്നും ഒഴിവായി. ഇതോടെ പുതിയ നേതാക്കള്‍ ധാരാളം മുന്‍നിരയിലേക്ക് വന്നു. ഇത് പാര്‍ടിക്ക് പുതിയ ഉന്മേഷം നല്‍കും എന്നാണ് പ്രതീക്ഷ. അടുത്തിടെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിവാദ പുരുഷനായി മാറിയ എംഎൽഎ വേദ് പ്രകാശ് സോളങ്കിയെ നിയമന പട്ടികയിൽ നിന്ന് ഒഴിവാക്കി.
ഈ പുനസ്സംഘടന വിഭാഗീയതയ്ക്ക് തല്‍ക്കാലം വിട നല്‍കി പാര്‍ടിക്ക് പുതിയ മുഖം നല്‍കും എന്നാണ് സൂചന. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് തുടര്‍വിജയം പ്രധാനമാണ്.