ഇടതു മുന്നണി ഏറെ നാളത്തെ ചര്‍ച്ചയ്ക്കു ശേഷം കാലം തെറ്റി പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയുടെ തൊഴിലാളി യൂണിയന് തന്നെ എതിര്‍പ്പ്. പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പിനു പുറമേയാണ് മുന്നണിക്കകത്തു നിന്നും തന്നെ ഉയരുന്ന പരസ്യമായ അപശബ്ദം. എ.ഐ.ടി.യു.സി.യുടെ ചെത്തു തൊഴിലാളി സംഘടനയാണ് മദ്യനയത്തിലെ ‘തൊഴിലാളിവിരുദ്ധമായ’ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.
കള്ള് ചെത്താന്‍ ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും അനുമതി നല്‍കിയതിനെ എ.ഐ.ടി.യു.സി. ചോദ്യം ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കു മാത്രമേ കള്ള് ചെത്താന്‍ അവകാശമുള്ളൂ. ബാഹ്യ ഏജന്‍സികള്‍ക്ക് നല്‍കുന്നത് തൊഴില്‍ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് യൂണിയന്‍ പറഞ്ഞു.
ടോഡി ബോര്‍ഡ് രൂപീകരിക്കാനുളള തീരുമാനം ഇത്തവണയും മദ്യനയത്തില്‍ മിണ്ടിയിട്ടില്ലെന്നതും യൂണിയന്റെ പ്രതിഷേധത്തിന് ഒരു കാരണമാണ്.