വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുതെന്ന ആവിശ്യവുമായി ഇടത് എം പിമാർ നോട്ടീസ് നൽകി.
ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ ഇത് അവതരിപ്പിക്കാനിരിക്കെയാണ് സിപിഎം എംപിമാരായ എളമരം കരീം, ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം, സിപിഐ എംപിമാരായ ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ എന്നിവർ സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.
1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലും.
ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ല.
ബദലുകളൊന്നും നിർദ്ദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല. ചില നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ.
മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടു.