Categories
kerala

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം; വേദിയിൽ ഒരു “അപൂർവ്വ സംഗമം” ഉണ്ടാകും

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന വേദി ഒരിക്കലും ഒരുമിച്ചു ഒരു വേദിയിൽ വരാത്ത രണ്ടു കണ്ണൂർ രാഷ്ട്രീയ ശത്രുക്കളുടെ സംഗമ വേദി എന്ന നിലയിൽ അപൂർവ്വമാകും . മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടകനും അനുസ്മരണ പ്രഭാഷകനും . കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി.

അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടനം പതിവില്ലാത്തതിനാല്‍ മുഖ്യമന്ത്രിയെത്തന്നെ അനുസ്മരണ പ്രഭാഷകനായി നിശ്ചയിക്കുകയായിരുന്നു. ഇത് അപൂര്‍വ്വമായ ഒരു തീരുമാനമായി മാറുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെ അനുസ്മരണത്തിനായി എതിര്‍പാര്‍ടിയിലെ ഉന്നത നേതാവ് നിയുക്തനാകുന്നത് സമീപകാല രാഷ്ട്രീയാന്തരീക്ഷത്തില്‍ അപൂര്‍വ്വമാണ്.

കേരളരാഷ്ട്രീയത്തില്‍ ഒരു തരത്തിലും രാജിയാവാതെ പോരാടുന്ന രാഷ്ട്രീയ എതിരാളികളാണ് പിണറായി വിജയനും കെ.സുധാകരനും. ഏത് അവസരം ലഭിച്ചാലും പല്ലും നഖവും കൊണ്ട് പരസ്പരം ആക്രമിക്കുകയും നിശിതമായി വിമര്‍ശിക്കുകയും കിട്ടിയ സന്ദര്‍ഭത്തിലെല്ലാം പരസ്പരം പരിഹസിക്കുകയും ചെയ്യുന്ന കണ്ണൂര്‍ക്കാര്‍ തന്നെയായ രണ്ടു ഉന്നത നേതാക്കളാണ് പിണറായിയും സുധാകരനും. പതിറ്റാണ്ടുകള്‍ നീളുന്ന ശത്രുതയാണ് ഇവര്‍ തമ്മിലുള്ളത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സുധാകരനുമായി വേദി പങ്കിടാറില്ല പിണറായി വിജയന്‍. കണ്ണൂരിലെ സി.പി.എം-കോണ്‍ഗ്രസ് കുടിപ്പക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് എപ്പോഴും പിണറായിയും സുധാകരനും വാക്ശരങ്ങള്‍ കൊണ്ട് ഏറ്റുമുട്ടാറുള്ളത്.

അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കളെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനമായത്. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു.

കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങായതിനാല്‍ പാര്‍ടി അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുധാകരന് ആ വേദിയിലെ അധ്യക്ഷ പദവിയില്‍ നിന്നും മാറി നില്‍ക്കുകയും വയ്യ. പിണറായിയും സുധാകരനും തമ്മില്‍ കാണുമ്പോള്‍ അവരുടെ ഭാവങ്ങള്‍ എന്തായിരിക്കും എന്നതും പിണറായിയെ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണത്തിനായി ക്ഷണിക്കുന്ന സുധാകരന്റെ പ്രതികരണം എന്തായിരിക്കും എന്ന കൗതുകത്തിലാണ് സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകരും അനുഭാവികളും.

Spread the love
English Summary: KPPCC MEETING IN MEMMORIUM OF OOMMEN CHANDY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick