വടക്കന്‍ മലക്കം മറിച്ചിലില്‍ വീണ്ടും കെ.സുധാകരന്‍ സൂപ്പര്‍. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്നും മകനോ മകളോ എന്ന് കുടുംബം പറയട്ടെ എന്നും പറഞ്ഞ കെ.പി.സി.സി.പ്രസിഡണ്ട് സുധാകരന്‍ പ്രതികരണം വിവാദമായപ്പോള്‍ സ്വയം മലക്കം മറിഞ്ഞു. ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സുധാകരനെ പരിഹസിച്ച് രംഗത്തു വന്നതോടെയാണ് പറഞ്ഞത് വിനയാണെന്ന് സുധാകരന് തിരിച്ചറിവുണ്ടായത്.

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കുടുംബവുമായി ആലോചിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ എന്നും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തന്നെയാണ് തീരുമാനിക്കുക എന്നാണ് താന്‍ പറഞ്ഞതെന്നും സുധാകരന്‍ മാറ്റിപ്പറഞ്ഞു.

കുടുംബത്തില്‍ നിന്നാണോ പാര്‍ടിയില്‍ നിന്നല്ലേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതെന്നും കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നും ജയരാജന്‍ സുധാകരന്റെ ആദ്യ പ്രസ്താവനയോട് പ്രതികരിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും ജയരാജന്‍ പറഞ്ഞതോടെ കോണ്‍ഗ്രസിനകത്തു നിന്നു തന്നെ സുധാകരന്റെ പ്രസ്താവനയോട് എതിര്‍പ്പുയര്‍ന്നു.

കുടുംബം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് കുടുംബാധിപത്യമെന്ന് കോണ്‍ഗ്രസിനുള്ള ദുഷ്‌പേര് ബലപ്പെടുത്തുമെന്ന ജയരാജന്റെ കമന്റും ഏറ്റു. പാര്‍ടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് എന്ന പ്രാഥമിക കാര്യം മറന്ന് വാവിട്ട് പ്രതികരിച്ച സുധാകരനോട് വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി രംഗത്ത് വന്നതായി പറയുന്നു. പറഞ്ഞതിലുള്ള ശരിയില്ലായ്മ സുധാകരന്‍ തിരുത്തി വിവാദത്തില്‍ നിന്നും തലയൂരിയിരിക്കുകയാണ് ഇപ്പോള്‍.
അതേസമയം പുതുപ്പള്ളിയില്‍ താന്‍ മല്‍സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയ ഉമ്മന്‍ പ്രതികരിക്കുകയും ചെയ്തിരിക്കയാണ്.