മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ചിങ്ങവനത്ത് എത്തി. പുലര്‍ച്ചെ അഞ്ചരയോടെയാണ് യാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഏഴേ കാല്‍ മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട യാത്ര വെറും മൂന്നര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്തേണ്ട ദൂരം 22 മണിക്കൂര്‍ സമയമെടുത്താണ് കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലേക്ക് എത്തിയത്. അന്തരിച്ച ജനനായകന്റെ ജനപ്രീതിയുടെ അടയാളത്തിന്റെ നേര്‍ സാക്ഷ്യം.
അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയായി . തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു പ്രവേശിച്ചത്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി
ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അദ്ദേഹം എത്തിച്ചേർന്നു. കോട്ടയത്തേക്ക് നേരിട്ട് പുറപ്പെടുമെന്നാണ് വിവരം. പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും, ദേവാലയത്തിലും നടക്കുന്ന ചടങ്ങുകളിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്.