കേരളത്തിലെ പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യെ മുമ്പ് ഒരിക്കലുമില്ലാത്ത അഗാധമായ പ്രതിസന്ധിയിലേക്ക് നയിച്ചതിന് ഉത്തരവാദി ആരാണ്. കെ.എസ്.ആര്‍.ടി.സി. ഒരു കാലത്തും സ്വയം പര്യാപ്തമായ അവസ്ഥയിലേക്ക് എത്തിയിരുന്നില്ലെങ്കിലും ഇത്രയും ദീര്‍ഘമായ ഗുരുതരാവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
സ്ഥാപനത്തിന്റെ മേധാവിയായ ഉദ്യോഗസ്ഥ പ്രമുഖന് ഈ പ്രതിസന്ധിയില്‍ പങ്കുണ്ടോ. ഇദ്ദേഹത്തിന്റെ ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഗുണം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ. അതോ സ്ഥാപനം കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവോ ഫലം.
സ്ഥാപനത്തെ നന്നാക്കാനുദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായി മന്ത്രിസ്ഥാനത്തു വന്ന ആന്റണി രാജുവിന് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുവോ. ജീവനക്കാരുടെ വിശ്വാസവും അതു വഴി ആത്മാര്‍ഥതയും മുമ്പത്തെതില്‍ നിന്നും കുറഞ്ഞു പോകുകയായിരുന്നുവോ സംഭവിച്ചത്. ഇത്തരം ചോദ്യങ്ങള്‍ ഉയരുകയാണ്.
ശമ്പളം പോലും നല്‍കാനാവാതെ കെ.എസ്.ആര്‍.ടി.സി. തകര്‍ച്ചയുടെ പടിയിലാണ്. നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പല പരിഷ്‌കാരങ്ങളും പാതി വഴിയിലോ വിസ്മൃതിയിലോ ആണ്. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച കൊറിയര്‍ സര്‍വ്വീസും ഫലപ്രദമായിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായി വിശദീകരണം ഒന്നും അറിയുകയുമില്ല.
ശമ്പളം ഇപ്പോള്‍ തന്നെ രണ്ട് ഗഡുവായാണ് നല്‍കുന്നത്. ആദ്യ ഗഡു നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 30 കോടി രൂപ പോലും ധനവകുപ്പില്‍ നിന്നും വിട്ടുകിട്ടാതിരുന്നതും വിവാദമായിരുന്നു. വേതനം ലഭിക്കാത്തതിനാല്‍ കൂലിപ്പണിക്കു പോകാന്‍ ലീവ് അനുവദിക്കണമെന്ന ജീവനക്കാരില്‍ ഒരാളുടെ കത്ത് വൈറലായത് സ്ഥാപനത്തില്‍ വലിയ ചര്‍ച്ചയായി. ആദ്യ ഗഡു വേതനം കഴിഞ്ഞ ദിവസം മാത്രമാണ് നല്‍കാനായത്.
കെ.എസ്.ആര്‍.ടി.സി. സി എം.ഡി. ബിജു പ്രഭാകര്‍ അവധിയില്‍ പോകുകയാണെന്ന് മാധ്യമവാര്‍ത്തയുണ്ട്. അതേസമയം സ്ഥാപനത്തിലെ പ്രതിസന്ധി സംബന്ധിച്ച് താന്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരിക്കാന്‍ പോകുകയാണെന്ന് ബിജുപ്രഭാകര്‍ പറയുന്നു. ശനിയാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലായി ഇത് വിശദീകരിക്കുമത്രേ.