കണ്ണൂർ കോർപറേഷൻ മേയര്‍ പദവി വച്ചു മാറുന്നതു സംബന്ധിച്ചുള്ള കരാർ പാലിക്കാത്തതിൽ കോണ്‍ഗ്രസ്– മുസ്‌ലിം ലീഗ് ഭിന്നത രൂക്ഷമായി . മേയർ സ്ഥാനം കൈമാറിയില്ലെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നാണു ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ആദ്യ രണ്ടര വർഷം കോൺഗ്രസിനും പിന്നീടുള്ള രണ്ടര വർഷം ലീഗിനുമെന്നായിരുന്നു ധാരണ. അടുത്ത ആറുമാസം കൂടി മേയർ സ്ഥാനത്തു തുടരാൻ അനുവദിക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ലീഗ് അതിനു തയ്യാറല്ല. എന്നാൽ കോൺഗ്രസ് ഒരു ചർച്ചയ്ക്കും ഇത് വരെ തയ്യാറായിട്ടുമില്ല. ടി ഒ മോഹനൻ ആണ് ഇപ്പോൾ മേയർ. 2020 ഡിസംബർ 28നാണു മോഹനൻ ചുമതലയേറ്റത്. 2023 ജൂണിൽ മേയർ പദവിയിൽ കോൺഗ്രസ് രണ്ടര വർഷം പൂർത്തിയാക്കി.
തിങ്കളാഴ്ച കണ്ണൂരില്‍ പ്രതിപക്ഷനേതാവ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കാന്‍ നേതൃയോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.