സോളാര്‍ സരിതയുമായി ബന്ധപ്പെടുത്തി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും അന്ന് ദേശാഭിമാനി ദിനപത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്ന നിലയില്‍ അതെല്ലാം നിശ്ശബ്ദം അനുകൂലിക്കുകയായിരുന്നു എന്നും പത്രപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി. ഒരു കാലത്ത് ദൃശ്യമാധ്യമങ്ങളില്‍ സിപിഎമ്മിന്റെ സ്ഥിരം ചര്‍ച്ചാ പാനലിസ്റ്റ് ആയിരുന്ന മാധവന്‍കുട്ടി ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.
മാധവന്‍കുട്ടി എഴുതിയത്-
“സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.”
മാധവന്‍കുട്ടിയുടെ കുറ്റസമ്മതത്തിനെതിരെ വന്‍ തെറിവിളിയാണ് കോണ്‍ഗ്രസ്, ബിജെപി പ്രൊഫൈലുകളില്‍ നിന്നും മാധവന്‍കുട്ടിയുടെ ഫേസ്ബുക്കില്‍ പെരുമഴ പോലെ പെയ്തത്. ഇതില്‍ പ്രതികരിച്ച് വീണ്ടും മാധവന്‍ കുട്ടി രണ്ടു പ്രതികരണങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യ പ്രതികരണം ഇതായിരുന്നു.–
ഉമ്മന്‍ ചാണ്ടിയുടെ
നിര്യാണം എന്നില്‍
സൃഷ്ടിച്ച ഉള്‍വിളി
ഒരു ഫേസ് ബുക്ക്
പോസ്റ്റായി ഇട്ടതിനോടു വിരുദ്ധ രാഷ്ട്രീയ കോണുകളില്‍നിന്നുള്ള
സഭ്യവും അസഭ്യവു മായ പ്രതികരണ
പ്രളയത്തില്‍ ഈ
ചാവാലി മുന്‍ മാപ്ര കയ്യും
കാലും ഇട്ടടിച്ചു
മുങ്ങിത്താഴുന്നു .അതു
കൊണ്ടു നിങ്ങളുടെ
വിലപ്പെട്ട പ്രതികരണ
ങ്ങള്‍ക്കു ദയവായി പ്രത്യേകം
പ്രത്യേകം നന്ദി
പ്രതീക്ഷിക്കരുത് .
ഒരു ചാവാലിയുടെ ഒരു ചെറിയ ആത്മവിമര്‍ശനം അല്ലെങ്കില്‍ കുമ്പസാരം
മലയാളി സൈബർ
ജിവിതത്തില്‍
ഇത്ര പ്രകമ്പനം ഉണ്ടാക്കു
മെങ്കില്‍ ഇവിടത്തെ
“പൊപ്ര”
(പൊതു പ്രവര്‍ത്തകര്‍ )
കളിലും “മാപ്ര”കളിലും
പത്തുപേര്‍ വീതം അവരുടെ
മനസാക്ഷിക്കനുസരിച്ചു
സംസാരിക്കാൻ തിരുമാനി
ച്ചാല്‍ അന്നു കേരളം ദൈവത്തിന്റെ സ്വന്തം
രാജ്യമായിമാറും . അതു
കാണാന്‍ ഞാൻ
ഉണ്ടാവില്ല എന്നതിൽ
എനിക്കു അശേഷം
ഖേദമില്ല. എല്ലാവർക്കും
നന്ദി. സ്നേഹം. അഭിവാദ്യം.
തുടർന്നും തെറി വിളി തുടരുന്നത് കൊണ്ടായിരിക്കണം വീണ്ടും ഒരു കുറിപ്പ് കൂടി എഴുതിയിട്ടുണ്ട്.
അത് ഇപ്രകാരമാണ് —
പടച്ചോനേ,
ഞാനെന്നേപഴിക്കുബോള്‍
ആര്‍ക്കെല്ലാമാണ്
നോവുന്നത് ?
ഞാന്‍ എന്നോടു
ചെയ്ത തെറ്റിനു
ആരോടെല്ലാമാണ്
മാപ്പു പറയേണ്ടത് ?
ഒരേസമയം
എനിക്കെതിരെ
തിരിയുന്ന പാണ്ടവ സൈന്യത്തോടും
കൗരവപ്പടയോടും
ഒരേസമയം?
ഒരേവാള്‍മൂര്‍ച്ച
ഒരേ പടഹധ്വനി
ഒരേ പൊടിപടലo
ഒരേപക
ഒരേതെറി
ഒരേ വെട്ടുകിളികൂട്ടം .
അവർ താഴ്ന്നിറങ്ങുന്നത് എന്നേ ഒറ്റവെട്ടിനുകൊല്ലാനായിരുന്നെങ്കില്‍ എന്തുഭാഗ്യം .
അവർവരുന്നതു
എന്റെ കാശിനു വിലയില്ലാ ത്ത ഭൂതകാലം ചിക്കി
ചികയാനാണ് . എന്റെ
സ്വകാര്യ ജിവിതത്തിലെ
കറുത്ത പാടുകള്‍ കണ്ടെത്തി വെളിപ്പെടു
ത്താനാണ് .
പൂര്‍വ്വകാലാ പ്രാബല്യ ത്തോടെ എന്റെ ജിവിതം തിരുത്തിയെഴുതാനാണ് .
ഈ ഈച്ചയെ കൊല്ലാൻ
ഈ സന്നാഹം?
ഒരു ഉറുമ്പിനെ ചവിട്ടിയ
രക്കാന്‍ ഈ ഉത്സാഹം?
ഈ ആള്‍ക്കൂട്ടം?
ഞാൻ ആരോടാണ്
എന്റെ അവിഹിത സ്വകാര്യ ജിവിതം ഏറ്റു പറയേണ്ടത് ? ആര്‍ക്കാണ്
കീഴടങ്ങേണ്ടത് ? എനിക്ക്
വധശിക്ഷ വിധിക്കുന്ന
താരാണ് ? ഞാൻ
എന്നോടു ചെയ്ത
കുറ്റത്തിനു ആരാണ്
എന്റെ കഴുത്തില്‍
കയര്‍മുറുക്കുന്നത് ?
നിങ്ങളില്‍ ആരോടാണ് ഞാൻ അവസാന ആഗ്രഹം പറയേണ്ടത്?
ആരില്‍നിന്നാണ് എന്റെ
അമ്മ മകന്റെ ശവം
ഏറ്റുവാങ്ങേണ്ടത് ?
പ്ലീസ് .
പിണറായി വിജയന്‍ ലാവ്‌ലിന്‍ ആരോപണവിധേയനായ കാലങ്ങളില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പിണറായിയെ പ്രതിരോധിക്കാനുള്ള സ്ഥിരം മുഖമായിരുന്നു മാധവന്‍കുട്ടി. ഇദ്ദേഹത്തിനെ ദേശാഭിമാനിയില്‍ സ്വീകരിച്ചിരുത്തിയത് അന്നത്തെ വി.എസ്. വിഭാഗത്തില്‍ പെട്ട സി.പി.എം.നേതാക്കള്‍ക്കും അണികള്‍ക്കും കടുത്ത എതിര്‍പ്പായിരുന്നു. കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളൊന്നുമില്ലാത്ത ഒരു ബൂര്‍ഷ്വാ ഏജന്റാണ് മാധവന്‍കുട്ടി എന്ന് വി.എസ്.വിഭാഗം അന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ടിയിലെ പിണറായി വിഭാഗവുമായി മാധവന്‍കുട്ടി അകലുന്നതാണ് കണ്ടത്. ദേശാഭിമാനിയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ മാധവന്‍കുട്ടി ഒഴിവാക്കപ്പെട്ടു. പിന്നീടാവട്ടെ സിപിഎമ്മിനെ പരിഹസിക്കുന്ന കുറിപ്പുകളിലൂടെയും മാധവന്‍കുട്ടി ശ്രദ്ധ നേടി.
ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണം സിപിഎമ്മിന്റെ അധാര്‍മിക നടപടിയായിരുന്നു എന്ന ഇപ്പോഴത്തെ പ്രതികരണത്തോട് സിപിഎം സൈബര്‍ പോരാളികളും രൂക്ഷ പ്രതികരണവുമായി മാധവന്‍കുട്ടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.