രാജ്യത്തിന്റെ അഭിമാനമായ “ചന്ദ്രയാൻ- മൂന്ന്” ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു . പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി.
വിക്ഷേപിച്ച് ആറ് മിനിട്ട് കഴിഞ്ഞപ്പോള്‍ പേടകം ഭൂഭ്രമണപഥത്തിലെത്തിയതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. പേടകം ചന്ദ്രന്റെ ഉപരിതലത്തിലെത്താന്‍ ഇനി 40 ദിവസം എടുക്കും.
എൽ.വി.എം- 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന്ബഹിരാകാശ പേടകം കുതിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള രണ്ടാമത്തെ ശ്രമത്തിനാണ് ഇതോടെ തുടക്കമായത്. അടുത്ത മാസം സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
എൽ. വി. എം 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽനിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കുകയാണ് ചെയ്യുക. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും. ആറു ദിവസത്തിനു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 45 ദിവസം എടുത്ത് ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തും. ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.