ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിച്ചു എന്നാരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്.
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദത്തിനിടയാക്കിയ പ്രസ്താവന.
ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും പറഞ്ഞതാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്.
സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി പ്രതികരിച്ചു.