മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമാണ് ടീസ്റ്റ സെതൽവാദിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ടീസ്റ്റയുടെ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ടീസ്റ്റ സമർപ്പിച്ച ഹർജിയിൽ ജൂലൈ 19 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇക്കാലയളവിൽ ഒരിക്കൽ പോലും ടീസ്റ്റയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി , അത് കൊണ്ട് തന്നെ ടീസ്റ്റയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം നില നിൽക്കുന്നില്ലെന്നും പറഞ്ഞു.
സ്ഥിരം ജാമ്യം നൽകുന്നെങ്കിലും ടീസ്റ്റ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളിലേക്കും നീങ്ങരുതെന്നും , ടീസ്റ്റയുടെ പാസ്പോര്ട്ട് കസ്റ്റഡിയിൽ തന്നെ തുടരട്ടെയെന്നും സുപ്രീം കോടതി നിർദേശിച്ചു.
ടീസ്റ്റ സെതൽവാദിനെയും കൂട്ടുപ്രതിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നാണ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് ഇവർക്കുമേലുള്ള പോലീസ് ആരോപണം.