കോവിഡിന് ശേഷം ചൈന വിരുദ്ധ വികാരങ്ങളിൽ ഏറ്റവുമധികം വർധനവ് രേഖപ്പെടുത്തിയ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ നടത്തിയ പുതിയ സർവ്വേ ഫലം. മറ്റ് രണ്ട് രാജ്യങ്ങൾ ബ്രസീലും പോളണ്ടും ആണ്. ഉക്രെയ്നിനോട് ചേർന്ന് കിടക്കുന്ന പോളണ്ടിൽ 2019 മുതൽ ചൈനയെക്കുറിച്ച് പ്രതികൂലമായ അഭിപ്രായമുള്ളവരിൽ 33 ശതമാനം വർധനയുണ്ടായി. ഇന്ത്യയിലും ബ്രസീലിലും 21 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ട് പറയുന്നു.
എന്നാല്‍ ബ്രസീലില്‍ ഇപ്പോഴും 67 ശതമാനം പേര്‍ ചൈനയോട് സൗഹൃദ മനോഭാവം ഉള്ളവരാണ്. എന്നാല്‍ ഇന്ത്യയിലും പോളണ്ടിലും ഇതല്ല സ്ഥിതി.
ഇന്ത്യ, പാശ്ചാത്യ രാജ്യങ്ങള്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 24 രാഷ്ട്രങ്ങളില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലമാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ടിട്ടുള്ളത്.
24 രാജ്യങ്ങളിൽ ആറ് രാജ്യങ്ങൾ മാത്രമാണ് ചൈനയെ വിമർശിച്ചതിനേക്കാൾ കൂടുതൽ ആളുകൾ പിന്തുണച്ചത്.
ഇതിൽ ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളും ഇന്തോനേഷ്യയും ലാറ്റിനമേരിക്കയിലെ മൂന്ന് രാജ്യങ്ങളിൽ രണ്ടെണ്ണവും ഉൾപ്പെടുന്നു. നൈജീരിയയും (80%) കെനിയയും (72%) ചൈനയെ കൂടുതൽ ജനങ്ങൾ പിന്തുണച്ച രാജ്യങ്ങൾ ആയപ്പോൾ ദക്ഷിണാഫ്രിക്കയിൽ 49% പേരാണ് പിന്തുണച്ചത്. ലാറ്റിനമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും പുറത്ത്, ചൈനയെ എതിർക്കുന്നതിനേക്കാൾ (25%) കൂടുതൽ ആളുകൾ (49%) പിന്തുണച്ച ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്.