ഡാർക്ക് നെറ്റിന്റെ മറവിൽ നടക്കുന്ന ഭീകര പ്രവർത്തനം ആശങ്കയുണ്ടാക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരർ തങ്ങളുടെ വ്യക്തിത്വം മറച്ചുവയ്ക്കാനും അതുവഴി തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനും ഡാർക്ക് നെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ദ്വിദിന ജി -20 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ശക്തവും കാര്യക്ഷമവുമായ പ്രവർത്തന സംവിധാനം നിർമ്മിക്കാനും ഭീകരർ അവരുടെ ഐഡന്റിറ്റി മറച്ചുവെച്ച് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും നടപ്പിലാക്കാനും ഡാർക്ക് നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തന പാറ്റേൺ മനസിലാക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.
നിലവിൽ മെറ്റവേർസിൽ, യഥാർത്ഥ വ്യക്തികളുടെ യൂസർ ഐഡന്റിറ്റിയിൽ നിന്നും വ്യാജ ഐഡന്റിറ്റി രൂപപ്പെടുത്താൻ സാധിക്കും ഇതിനെ “ഡീപ് ഫേക്ക് ” എന്നാണ് വിളിക്കുക. ഇങ്ങനെ വ്യക്തികളെക്കുറിച്ചുള്ള ബയോമേട്രിക് വിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികൾക്ക് ആൾമാറാട്ടം നടത്താനും അവരുടെ ഐഡന്റിറ്റി മോഷ്ടിക്കാനും കഴിയും. ഇത്തരത്തിൽ വ്യക്തിഗത ഡാറ്റയുടെ വില്പന, ഓൺലൈൻ പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ സൈബർ കുറ്റവാളികൾ ചെയുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഭീകര പ്രവർത്തനം ലോകത്തിലെ എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകൾക്കും മേലെ ചുറ്റിത്തിരിയുകയാണെന്നും പല രാജ്യങ്ങളും ഇതിന്റെ ഇരയായി മാറിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. വിവിധ വെർച്വൽ സംവിധാനങ്ങളുടെ ഉപയോഗം തടയുന്നതിന് യോജിപ്പോടെ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഭ്യന്തര മന്ത്രി പരാമർശിച്ചു.