കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവത്തിൽ പോലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരേ കേസ്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലീസ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ്.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് അശോക് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ആണ് കേസെടുത്തത്.
ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കും ഒരേപോലെ തെറ്റു സംഭവിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരക്കര പോലീസ് വ്യക്തമാക്കുന്നത്.
തങ്ങളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആംബുലൻസ് ജീവനക്കാർ രംഗത്തെത്തിയിരുന്നു. എന്നാൽ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കൃത്യമായി പരിശോധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കി. ഇതിന് ശേഷമാണ് ഇപ്പോൾ മൊഴി രേഖപ്പെടുത്തുകയും കേസ് രേഖപെടുത്തുകയും ചെയ്തത്.
അതേസമയം മന്ത്രിയുടെ ഭാഗത്തു നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്നും അപകടത്തില്‍പ്പെട്ടവരെ മന്ത്രി കണ്ടില്ലെന്നും രോഗിയുടെ ഭർത്താവായ അശോക് കുമാര്‍ ആരോപിച്ചു. തങ്ങളുടെ അടുത്തേക്ക് വരാനോ ആശുപത്രിയിൽ എത്തി ആശ്വസിപ്പിക്കാനോ മന്ത്രി തയ്യാറായിലെന്നും ഇതിൽ വലിയ വിഷമമുണ്ട് എന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.