ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വിലാപയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അന്ത്യയാത്രയിൽ മന്ത്രിമാർ എത്താതിരുന്നതിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ രംഗത്തുവന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ കുഞ്ഞിനോടെങ്കിലും സർക്കാർ നീതി പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ തയ്യാറയില്ല എന്നും പറഞ്ഞു.

അന്ത്യയാത്രയിൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാ സ്ഥലത്തും മന്ത്രിമാർക്ക് എത്തിചേരാൻ കഴിയണം എന്നില്ല എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ മറുപടി. എന്നാലും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു. ജില്ലയിൽ നിന്നുള്ള മന്ത്രിയായിട്ടുകൂടി മന്ത്രി പി. രാജീവ് പോലും സ്ഥലത്ത് എത്തിയിരുന്നില്ല എന്നത് ഇപ്പോൾ കടുത്ത വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.