പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കവേ, താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തമാക്കി . ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാനാണാഗ്രഹം. “അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം”– അച്ചു ഉമ്മന്‍ വ്യക്തമാക്കി.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായി. മത്സരത്തിനില്ലെന്ന് മറിയം ഉമ്മനും വ്യക്തമാക്കിയിരുന്നു .
”അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നസമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. എന്നാൽ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റിയത്. പാതിരാക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നില്‍ക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്.”– അച്ചു ഉമ്മൻ പറഞ്ഞു.