ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ മൺസൂൺ സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് രാജ്യസഭ സസ്പെൻഡ് ചെയ്തു. “അനിയന്ത്രിതമായ പെരുമാറ്റം” ആണ് കാരണം ആയി പറഞ്ഞിരിക്കുന്നത്. സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം സഭാ നേതാവ് പിയൂഷ് ഗോയൽ അവതരിപ്പിച്ചു. ശബ്ദവോട്ടോടെ സഭ ഇത് അംഗീകരിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് സഭ സമ്മേളിച്ചപ്പോൾ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സിങ് സഭയുടെ വെല്ലിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം മൂലം ചോദ്യോത്തര വേള കുറച്ചു നേരത്തേക്ക് നിര്‍ത്തി വെച്ചു. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ സിങിനോട് സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. സിങ് ഇത് അനുസരിച്ചില്ല. തുടര്‍ന്നാണ് അംഗത്തെ സസ്‌പെന്‍ഡ് ചെയ്യുന്നതായി ചെയര്‍മാന്‍ പ്രമേയം പ്രഖ്യാപിച്ചത്.