വ്യാജരേഖയുണ്ടാക്കി കോളേജുകളിൽ ഗസ്റ്റ് അധ്യാപക ജോലി നേടാൻ ശ്രമിച്ച കേസിൽ പ്രതിയായ കെ വിദ്യ ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷനൽകി . വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു. പ്രതി ചെറുപ്പമാണെന്നും അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
അട്ടപ്പാടി സർക്കാർ കോളേജിൽ മലയാളം വകുപ്പിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ അഭിമുഖത്തിനാണ് 2018 – 2021 കാലത്ത് മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ സമർപ്പിച്ചത്. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തു.
ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെയുള്ളത്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. കൂടാതെ വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണല്ല . തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ് — ഹർജിയിൽ വിദ്യ പറയുന്നു.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അഗളി പൊലീസിന് കെെമാറിയിട്ടുണ്ട്.