വളാഞ്ചേരിയിലെ ഒരു ടെക്സ്റ്റയില്‍ ഷോപ്പ് ഉല്‍ഘാടനം ചെയ്യാനെത്തിയ ഒരു യൂ-ട്യൂബര്‍, ‘തൊപ്പി’ എന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലക്കാരനായ മുഹമ്മദ് നിഹാദ് കട ഉദ്ഘാടനം ചെയ്ത് പാടിയ പാട്ട് ഇതായിരുന്നു:
“ഞാന്‍ തിന്നത് ചക്കക്കുരു….
ഞാനിട്ടത് ചക്ക വളി….
ഇട്ടാ പൊട്ടും… വീണാ കാണൂലാ….
ഇട്ടാ പൊട്ടും…വീണാ കാണൂലാ”
ഈ അറുവഷളന്‍ പാട്ട് കേട്ട് ആരവം മുഴക്കിയതും തൊപ്പിയെ ഭ്രാന്തമായ ആരാധനയോടെ കാണാന്‍ തടിച്ചുകൂടിയതും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരക്കണക്കിന് കുട്ടികളായിരുന്നു. എന്നുവെച്ചാല്‍ പയ്യന്‍മാര്‍. അവര്‍ തൊപ്പിയുടെ വാക്കുകള്‍ ഏറ്റുപാടി, ഭ്രാന്തമായ ആരവം മുഴക്കി.

ഇവരെല്ലാം അരാഷ്ട്രീയ അരാചക വാദികളാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഈ കുട്ടികളെല്ലാം കേരളത്തിലെ വിപ്ലവം ഉള്ളതും ഇല്ലാത്തതുമായ വിദ്യാര്‍ഥിസംഘടനകളിലോ ബാലസംഘടനകളിലോ ഒക്കെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയായിരിക്കാം. പക്ഷേ അവരുടെ ബോധനിലവാരം എന്താണെന്ന് ബോധ്യപ്പെടാന്‍ ഈ വളാഞ്ചേരിയിലെ കഴിഞ്ഞ ദിവസത്തെ തൊപ്പിപ്പാട്ടിന് ഈ പിള്ളേര്‍ നല്‍കിയ പിന്തുണയിലൂടെ സാധിക്കും.

കണ്ണൂര്‍ സ്വദേശികളായ മറ്റു രണ്ടു സഹോദരര്‍ ‘ഈ ബുള്‍ജെറ്റ്’ എന്ന യൂട്യൂബ് ചാനലിലൂടെ കാട്ടിക്കൂട്ടിയതും അത് പിന്നീട് പൊലീസ് പൂട്ടിയതും നമ്മള്‍ കഴിഞ്ഞ വര്‍ഷം കണ്ടതാണ്. ഈ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് പതിനായിരക്കണക്കിനായിരുന്നു ആരാധകര്‍. ഇവരൊക്കെ ഏത് സ്ഥലത്തു നിന്നും ഒത്തുകൂടുന്നവരാണെന്ന് പോലും അറിയില്ല. വലിയ കൗമാരക്കൂട്ടങ്ങളാണ് ഇത്തരം വഷളന്‍ പാട്ടും കളിയും കാണാന്‍ ആരാധനയോടെ എത്തുന്നത്. തൊപ്പിയുടെ വരവ് കാരണം വളാഞ്ചേരിയില്‍ പ്രധാന റോഡില്‍ വന്‍ ട്രാഫിക് തടസ്സം പോലും ഉണ്ടായി എന്നാണ് വാര്‍ത്ത. ഇതിന് പൊലീസ് കേസും എടുത്തിട്ടുണ്ട്.
നിഹാദിനെ എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസ് പിടികൂടി. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ നിഹാദ് സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും ഇയാൾ ആരോപിച്ചു.
തൊപ്പിയുടെ പൊതുവേദിയിലെ അശ്ലീലപ്പാട്ട് ഒരു ലജ്ജയും കൂടാതെ അത്രമേല്‍ സ്വാഭാവികമായി പൊതുസ്ഥലത്ത് ഏറ്റുപാടിയ് ആയിരക്കണക്കിന് കുട്ടികള്‍ ഉള്ള ഈ കേരളത്തിലാണ് നമ്മള്‍ പൊതു ബോധത്തെക്കുറിച്ചും അതിന്റെ നേരത്തെയുള്ള മാതൃക വെച്ചുള്ള വാദമുഖങ്ങളും ചര്‍ച്ച ചെയ്യുന്നത്. പഴയ ഏകകങ്ങളെല്ലാം തിരുത്തി പുതിയ കാലത്തെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുതു തലമുറയുടെ മാനസികാവസ്ഥയും ബോധവും ശരിയായി വിലയിരുത്താതെ വെറുതെ രാഷ്ട്രീയനേതാക്കളായ വലിയ മുതിര്‍ന്നവര്‍ വെറുതെ ഇനിയും പുരപ്പുറത്തു കയറി പഴയ വിതണ്ഡ വാദങ്ങള്‍ തള്ളിയതു കൊണ്ട് ഈ പുതിയ അന്തരീക്ഷത്തെ മനസ്സിലാക്കാന്‍ സാധിക്കില്ല. ഇത് ഓര്‍മിപ്പിക്കുന്നു തൊപ്പിയുടെ അശ്ലീലപ്പാട്ട്.
പതിനായിരക്കണക്കിന് രൂപയാണ് ഇത്തരം അരോചകരായ യൂ-ട്യൂബര്‍മാര്‍ പ്രതിമാസം വരുമാനം ഉണ്ടാക്കുന്നത് എന്നതും പുതിയൊരു മാതൃകയായി കാണണം. തൊപ്പി പറയുന്നത് തനിക്ക് മാസം 35,000 രൂപ പരസ്യ ഇനത്തില്‍ യൂ-ട്യൂബില്‍ നിന്നും ലഭിക്കുന്നു എന്നതാണ്. പല പുത്തന്‍ പ്രവണതകളുടെയും പ്രചോദനവും ഈ വരുമാനമാണ്. ഈ വരുമാനം ആദായ നികുതി പോലും നല്‍കാത്തതായിരിക്കാനിടയുമുണ്ട്. ഇതേക്കുറിച്ച് ഇപ്പോള്‍ വകുപ്പ് അന്വേഷണവും റെയ്ഡും കഴിഞ്ഞ ദിവസം ആരംഭിച്ചത് നല്ല നീക്കമാണ്.