മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാല്‍ താന്‍ മാത്രമല്ല മോന്‍സന്റെ പുരാവസ്തുകേന്ദ്രത്തില്‍ സന്ദര്‍ശകനായിരുന്നത് എന്ന് തെളിയിക്കാന്‍ സുധാകരന്റെ നാടകീയ നീക്കത്തിനും കോടതി സാക്ഷ്യം വഹിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവരുടെ മോൻസൺ മാവുങ്കലുമൊത്തുള്ള ചിത്രങ്ങൾ സുധാകരൻ കോടതിയിൽ സമർപ്പിച്ചു. ഇവർ മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് സുധാകരൻ കോടതിയെ അറിയിച്ചു.
അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്‌ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. മുൻ ഐജി ലക്ഷ്‌മണയ്ക്കും ഇടക്കാല മുൻകൂർ ജാമ്യം നൽകി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാലുടൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സന്നാഹമൊരുക്കിയിരുന്നു.
മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.സുധാകരന്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഇതിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും നൽകിയ മൊഴി.