മോന്‍സണ്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ സുധാകരന്‍ പ്രകോപിതനാവുകയും ആരോപണം ഉന്നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നിയമനടപടി എടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്.

നിയമനടപടിയെടുക്കും എന്നത് മിക്കവാറും എല്ലാ നേതാക്കളും തങ്ങള്‍ക്കു നേരെ വരുന്ന ആരോപണങ്ങളെ തണുപ്പിക്കാനും ജനശ്രദ്ധയില്‍ വിശുദ്ധനാകാനും ഉപയോഗിക്കാറുള്ള സ്ഥിരം മറയാണ്. നിയമനടപടിയെടുക്കും എന്ന് പ്രഖ്യാപിക്കാനുള്ള അവകാശം സുധാകരനുണ്ട്. എന്നാല്‍ ഗോവിന്ദന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടോ ഇല്ലയോ എന്നതാണ് സമൂഹത്തിന്റെ മുന്നിലെ ചോദ്യം.
സുധാകരന്‍ നിയമനടപടി പ്രഖ്യാപിച്ചതു കൊണ്ടു മാത്രം ഗോവിന്ദന്‍ ഉയര്‍ത്തിയ കാര്യം റദ്ദാകുന്നില്ല. മോന്‍സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ദിവസങ്ങളില്‍ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നോ. ഈ പെണ്‍കുട്ടി അവിടെ ഉണ്ടെന്ന കാര്യം സുധാകരന് അറിയുമായിരുന്നുവോ. ഒരു പെണ്‍കുട്ടി അവിടെ അസാധാരണ സാഹചര്യത്തില്‍ ഉണ്ടായിരുന്നിട്ടും സുധാകരന്‍ അതിനെക്കുറിച്ച് ആരോടും മിണ്ടാതെ സ്വന്തം കാര്യം നോക്കി ഇരുന്നിട്ടുണ്ടോ- ഇതെല്ലാം ചോദ്യമാണ്.

എന്നാല്‍ പരമമായ ചോദ്യം മറ്റൊന്നാണ്. സത്യത്തില്‍ ആ പെണ്‍കുട്ടി സുധാകരന്‍ തന്നെ കണ്ടിരുന്നുവെന്നും തന്നെ സഹായിച്ചില്ലെന്നും രഹസ്യമൊഴി നല്‍കിയിരുന്നുവോ എന്നതാണത്. അതാണ് സുപ്രധാനമായി കാര്യം. മൊഴി ഉണ്ടെന്നാണ് സി.പി.എം. സെക്രട്ടറി ഗോവിന്ദന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. അതീവ രഹസ്യമായി മാത്രം കൈകാര്യം ചെയ്യുന്ന 164 അനുസരിച്ചുള്ള മൊഴി ഗോവിന്ദന് എങ്ങിനെ കിട്ടിയെന്നതും രഹസ്യമൊഴി പരസ്യമാക്കിയതിലെ നിയമവിരുദ്ധതയും മാത്രമാണ് ഗോവിന്ദനെതിരായ കുറ്റമായി ഉയര്‍ത്തിക്കാട്ടാനാവുക.

അപ്പോഴും ചോദ്യം ബാക്കിയാവുന്നു-സുധാകരനെതിരെ പെണ്‍കുട്ടി ഇങ്ങനെയൊരു
മൊഴി നല്‍കിയിട്ടുണ്ടോ. അത് പൂഴ്ത്തി വെക്കപ്പെട്ടതാണോ. പൊലീസിനകത്തു നിന്നുള്ള രഹസ്യസ്രോതസുകള്‍ ആവര്‍ത്തിക്കുന്നത് ഇത്തരം ഒരു മൊഴി ഉണ്ട് എന്നതാണ്. ഇത് സത്യമാണോ എന്ന് നീതിപീഠവും നിയമസംവിധാനവും ഇനിയും പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിച്ചേ മതിയാവൂ. ഉത്തര്‍പ്രദേശിലെ ഒരു എം.പി.യുടെ മേലുള്ള പോക്‌സോ ആരോപണം ഒതുക്കുന്നതിനെക്കുറിച്ചു മാത്രം കോണ്‍ഗ്രസ് സംസാരിച്ചാല്‍ പോരാ.

വളരെ കൗശലത്തോടെ, വിഷയത്തിന്റെ പ്രധാന പോയിന്റുകളില്‍ നിന്നും ശ്രദ്ധ മാറ്റിച്ചാണ് സുധാകരന്‍ ഗോവിന്ദനെതിരെ സംസാരിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൡ തെളിയുന്നത്. തരം താണ പ്രസ്താവനയാണ് ഗോവിന്ദന്‍ നടത്തിയത് എന്നതാണ് സുധാകരന്റെ വലിയ ആരോപണം. മാഷ് എന്ന വിളിപ്പേരിന് അര്‍ഹതയില്ലെന്നും പറയുന്നു. അത് വേറൊരു വിഷയമാണ്. അതിജീവിതയായ പെണ്‍കുട്ടിയെ അറിയില്ലെന്നും തനിക്കവരുമായി ഒരു ബന്ധവും ഇല്ലെന്നും സുധാകരന്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നു.

അതിജീവിതയുമായി സുധാകരന് ബന്ധമുണ്ടോ ഇല്ലയോ എന്നതല്ല ഗോവിന്ദന്‍ മാഷ് ഉന്നയിച്ച ആരോപണത്തിലെ പ്രധാന മര്‍മ്മം. മോന്‍സണ്‍ പീഡിപ്പിച്ച ദിവസങ്ങളില്‍ സുധാകരന്‍ മോന്‍സണിനൊപ്പം ഉണ്ടായിരുന്നു എന്നതാണ്, അറിഞ്ഞിട്ടും സുധാകരന്‍ അത് അവഗണിച്ചു എന്നതാണ്, തന്നെ സഹായിച്ചില്ല എന്ന് സുധാകരനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുണ്ട് എന്നതാണ്. സുധാകരന് ഉറപ്പുണ്ടോ ഇങ്ങനെയൊരു മൊഴി പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്ന്. അതിനാല്‍ അത് തെളിയിക്കാനാണ് സുധാകരന്‍ വെല്ലുവിളിക്കേണ്ടത്. അല്ലാതെ എന്ത് നിയമനടപടി.

നിയമനടപടി എടുക്കാന്‍ ആലോചന-ഇത് രാഷ്ട്ീയത്തിന്റെ ഉപരിതലത്തില്‍ നടക്കുന്ന ഒരു അഭ്യാസമാണ്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രഖ്യാപനങ്ങളെല്ലാം ഉപ്പു കൂട്ടാതെ വിഴുങ്ങാന്‍ തക്ക മൗഢ്യമൊന്നും ജനത്തിനില്ല. മോന്‍സണില്‍ നിന്നും പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നതാണ് സുധാകരന്‍ നിഷേധിക്കുന്ന മറ്റൊരു ആരോപണം. നിഷേധിച്ചാല്‍ ഇല്ലാതാകുന്നതല്ല സാമ്പത്തിക ഇടപാടുകള്‍. പണം വേണ്ടാത്ത നിഷ്‌കാമ കര്‍മിയുമല്ല സുധാകരനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍.

അതിനാല്‍ തെളിയിക്കാന്‍ കേരള പോലീസിന് ബാധ്യതയും ഉത്തരവാദിത്വവും ഉള്ള രണ്ടു കാര്യങ്ങള്‍ സുധാകരന്റെ കാര്യത്തില്‍ ഉണ്ട്. ഗോവിന്ദനെതിരായ നിയമനടപടി എന്ന പുകമറയും സമ്മര്‍ദ്ദപ്രയോഗവും കൊണ്ട് പ്രശ്‌നത്തിലെ മര്‍മ്മ പ്രധാനമായ കാര്യങ്ങള്‍ വിസ്മൃതിയിലായിപ്പോകരുത്.
ഇത്രയും വ്യാജനായ ഒരു പുരാവസ്തു കച്ചവടക്കാരന്റെ അടുത്ത് പത്ത് ദിവസം കണ്ണുചികില്‍സയ്ക്കായി പോയ ഒരു കെ.പി.സി.സി. പ്രസിഡണ്ടിന്, ഉന്നതനായ ജനപ്രതിനിധിക്ക് സത്യത്തില്‍ എന്ത് വിവരമാണുള്ളത്, ആളുകളെ പറ്റി എന്ത് തിരിച്ചറിവാണുണ്ടാകുക. സുധാകരന്റെ യുക്തിബോധം എന്ത് തരത്തിലുള്ളതാണ്. മോന്‍സണെ തിരിച്ചറിയാന്‍ കഴിയാത്തത്ര നിഷ്‌കളങ്കനും ബുദ്ധിശൂന്യനും ആയിരുന്നുവോ സുധാകരന്‍. അങ്ങനൊരാള്‍ നമ്മുടെ ജനപ്രതിനിധിയും നേതാവും ആയി മാറാന്‍ യോഗ്യത ഉള്ള ആള്‍ ആണോ.–സമാന്യ ജനത്തിന്റെ മനസ്സിലെ ചോദ്യങ്ങള്‍ നിരവധിയാണ്.