പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും വിജിലന്‍സ് വലയിലാക്കുന്നു. 2018-ലെ പ്രളയത്തിനോടനുബന്ധിച്ച് തന്റെ മണ്ഡലമായ പറവൂരിനു വേണ്ടി വിദേശത്ത് പണപ്പിരിവ് നടത്തിയെന്നതാണ് സതീശനെതിരായ കേസ്. വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച പുനര്‍ജ്ജനി പദ്ധതിക്കു വേണ്ടിയാണ് വിദേശ സംഭാവനകള്‍ സ്വകരിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തുവരുന്ന ന്യൂയോര്‍ക്കിലെ ലോകകേരള സഭയുമായി ബന്ധപ്പെട്ട് സതീശന്‍ ഉയര്‍ത്തിയ പണപ്പിരിവു വിവാദത്തിന് പ്രതികരണമെന്നോണമാണ് സതീശനെതിരായ കേസില്‍ നടപടി. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു തൊട്ടു മുന്‍പാണ് ഉത്തരവ് ഇറക്കിയതും.
ഏതെങ്കിലും സംസ്ഥാനത്തെ ഒരു പ്രതിപക്ഷ നേതാവിനെതിരെ ആ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണമോ അഴിമതി അന്വേഷണമോ നടത്താന്‍ ഉത്തരവിട്ട സമീപകാലത്തെ ആദ്യ സംഭവമായി ഇത് കണക്കാക്കപ്പെടുന്നു. അതു കൊണ്ടു തന്നെ ഇത് ദേശീയമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
സതീശനെതിരെ കോണ്‍ഗ്രസില്‍ തന്നെ പടപ്പുറപ്പാട് നടക്കുന്ന സമയം നോക്കിയാണ് സംസ്ഥാനസര്‍ക്കാരും സതീശനെതിരെ വിജിലന്‍സ് കേസുമായി നീങ്ങുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയം കൃത്യമാണ്. സതീശനെതിരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ വലിയ അമര്‍ഷത്തിലും പ്രതിഷേധത്തിലുമാണ്.
ഈ കേസില്‍ സതീശനെ വലിയതായി പ്രതിരോധിക്കാന്‍ ഈ സമയത്ത് എ,ഐ ഗ്രൂപ്പുകള്‍ നില്‍ക്കില്ലെന്ന നിഗമനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശക്തമായി മുന്നോട്ടു വരാന്‍ ആരും തയ്യാറാവില്ലെന്ന പഴുതാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്.
വിദേശത്ത് പണപ്പിരിവ് നടത്തിയെന്നും അതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. പറവൂരില്‍ 280 വീടുകള്‍ പണിതതില്‍ 37 എണ്ണം വിദേശ മലയാളികളാണ് പണിതു നല്‍കിയത്. ഇതിനായി സതീശന്‍ ദുബായ്, ഇംഗ്ലണ്ട് എന്നിവിടങ്ങൡ നേരിട്ടു പോയി സഹായം തേടിയിരുന്നു.
അതേസമയം താന്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും തന്റെ സഹായ അഭ്യര്‍ഥനയിലെ യാഥാര്‍ഥ്യം ബോധ്യപ്പെട്ടവര്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി നേരിട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നു എന്നുമാണ് വി.ഡി.സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.