നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും എൻസിപി അധ്യക്ഷൻ ശരദ് പവാർ ശനിയാഴ്ച പ്രഖ്യാപിച്ചു. പാര്‍ടിയില്‍ എന്നും അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താറുള്ള അനന്തിരവന്‍ അജിത് പവാറിനെ ഒഴിവാക്കിയാണ് ശരദ് പവാറിന്റെ നടപടി. ഇതോടെ പവാര്‍ കുടുംബത്തില്‍ നിന്നും ആര് പാര്‍ടിയുടെ നേതൃസ്ഥാനത്ത് എത്തും എന്ന അഭ്യൂഹത്തിന് അവസാനമായിരിക്കയാണ്. അജിത് പവാർ അവസരവാദ രാഷ്ട്രീയം കളിക്കുകയും തന്റെ അമ്മാവന്റെയും പാർട്ടിയുടെയും മതേതര, പുരോഗമന പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത കാണിച്ചില്ല എന്ന വിമർശനം ഏറ്റു വാങ്ങുകയും ചെയ്ത നേതാവാണ്.
എൻസിപിയുടെ 25-ാം ജന്മദിന ആഘോഷത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പവാർ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളുടെ ചുമതലയും സുപ്രിയ സുലെക്ക് നൽകി. മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവയുടെ ചുമതല പ്രഫുൽ പട്ടേലിനും നൽകിയിട്ടുണ്ട്.
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ ബാരാമതി ലോക്‌സഭാ എംപി സുപ്രിയ സുലെയെ എൻസിപിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചതോടെ പവാർ കുടുംബത്തിലും പാർട്ടിയിലും പൈതൃകത്തുടർച്ച ഉറപ്പായി. 53 കാരിയായ സുപ്രിയ സുലെ രണ്ട് തവണ ബാരാമതിയിൽ നിന്ന് ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ യോഗങ്ങളിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതിനിധിയായിരിക്കും സുപ്രിയ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച സീറ്റുകൾ നേടി നേതൃ പാടവം തെളിയിക്കാൻ സുപ്രിയ സുലെയ്ക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണ് കിട്ടിയിരിക്കുന്നത് . ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചാൽ പാർട്ടിയുടെ വിജയത്തിന്റെ ക്രെഡിറ്റ് സുപ്രിയയ്ക്ക് ലഭിക്കുകയും അവർ ശരദ് പവാറിന്റെ പിൻഗാമിയാവുകയും ചെയ്യുമെന്നുറപ്പാണ്.