കണ്ണൂർ സർവ്വകലാശാല യൂണിയൻ എസ്‌എഫ്‌ഐയ്‌ക്ക്. മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായി രണ്ടു ഡസൻ തവണയായി എസ്എഫ്ഐ ഇവിടെ ഭരണത്തിൽ വരുന്നു. 120 കൗൺസിലർമാരുടെ സീറ്റുള്ളതിൽ പോൾ ചെയ്‌ത 108ൽ 70 വോട്ടും എസ്‌എഫ്‌ഐ നേടി. ചെയർപേഴ്സണായി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സ്ഥാനാർഥി ജെഫിൻ ഫ്രാൻസിസിനെ 35 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജനറൽ സെക്രട്ടറിയായി വിജയിച്ച ടി പ്രതീകിന് 32 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പ്രതീകിന് 70 വോട്ട് കിട്ടിയപ്പോൾ എംഎസ്‌എഫ് സ്ഥാനാർഥി വി മുഹമ്മദിന് 38 വോട്ട് മാത്രമേ കിട്ടിയുളളൂ.
വൈസ് ചെയർപേഴ്‌സൻ- കൂത്തുപറമ്പ് എംഇഎസ് കോളേജിലെ മുഹമ്മദ് ഫവാസ്, ലേഡി വൈസ് ചെയർപേഴ്സൻ- പയ്യന്നൂർ കോളേജിലെ അനന്യ ആർ ചന്ദ്രൻ, ജോയിൻ സെക്രട്ടറി- മുന്നാട് പീപ്പിൾസ് കോളേജിലെ കെ പി സൂര്യജിത്ത് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവിലേക്ക് ചൊക്ലി ഗവ. കോളേജിലെ കെ വി അൻഷിക, കാസർകോട് ജില്ലാ എക്സിക്യൂട്ടീവിലേക്ക് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കെ പ്രജിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി ഗവ. കോളേജിലെ പി എസ് സെബാസ്‌റ്റ്യൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.