കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ കോളേജിന് പങ്കില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു .
ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് എന്ന തരത്തിൽ പൊലീസ് അവതരിപ്പിച്ച തെളിവ് ശ്രദ്ധ സതീഷിന്റെ കുടുംബം തള്ളിയതായി റിപ്പോർട്ടുണ്ട് . 2022-ൽ ശ്രദ്ധ സ്നാപ്‌ചാറ്റിൽ പങ്കുവെച്ച് കുറിപ്പാണ് കോട്ടയം എസ് പി ആത്മഹത്യാക്കുറിപ്പെന്ന രീതിയിൽ പ്രദർശിപ്പിച്ചതെന്ന് സഹോദരൻ അറിയിച്ചു. ശ്രദ്ധ എഴുതിയ കുറിപ്പില്‍ കോളേജുമായി ബന്ധപ്പെട്ട കാരണമൊന്നും പറയുന്നില്ലെന്ന് കോട്ടയം ജില്ലാ സൂപ്രണ്ട് പ്രതികരിച്ചിരുന്നു.
ശ്രദ്ധ സമൂഹമാദ്ധ്യമത്തിലൂടെ നേരത്തെ പങ്കുവെച്ച കുറിപ്പ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണ് പൊലീസ് ചെയ്തെന്നും മാനേജ്മെന്റിനെ സഹായിക്കാനാണ് നീക്കമെന്നും കുടുംബം ആരോപിച്ചു.
ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങളില്ലെന്ന് വരുത്തിതീർക്കാനാണ് നിലവിലെ ശ്രമം. ശ്രദ്ധയെ അപകീർത്തിപ്പെടുക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. സംഭവത്തെത്തുടർന്നുണ്ടായ സമരത്തെ വർഗീയവത്കരിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
കേസന്വേഷണത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ല. വകുപ്പ് മേധാവിയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നില്ല. കേസന്വേഷണം ഏൽപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ച ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ല. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകും– ശ്രദ്ധയുടെ രക്ഷിതാക്കൾ പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.